
ഹെര്‍ണിയയുടെ ഓപ്പറേഷന് എത്തിയപ്പോൾ ഡേറ്റില്ലെന്ന് അനസ്തേഷ്യ ഡോക്ടര്‍; വേദന കൂടി വീണ്ടുമെത്തിയപ്പോള്‍ പണം നൽകണമെന്ന് ആവശ്യം; ഒടുവില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയില്‍
കാസര്‍ഗോഡ്: ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ വെങ്കിടഗിരി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയില്‍.
കാസര്‍ഗോഡ് സ്വദേശിയായ പരാതിക്കാരൻ ഹെര്‍ണിയയുടെ ചികിത്സയ്ക്കായാണ് ഇക്കഴിഞ്ഞ ജൂലൈ മാസം ഇതേ ജനറല്‍ സര്‍ജനെ കണ്ടത്. അദ്ദേഹം ഓപ്പറേഷന് നിര്‍ദ്ദേശിക്കുകയും, അനസ്തേഷ്യ ഡോക്ടറായ ഡോക്ടര്‍ വെങ്കിടഗിരിയെ കണ്ട് തിയതി വാങ്ങിവരാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, പരാതിക്കാരൻ വെങ്കിടഗിരിയെ കണ്ടപ്പോള്‍ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബര്‍ മാസത്തില്‍ ഓപ്പറേഷൻ ചെയ്യാമെന്നും ആയിരുന്നു മറുപടി. ഇക്കഴിഞ്ഞ ദിവസം അസഹ്യമായ വേദനകാരണം ഓപ്പറേഷൻ നേരത്തെ ആക്കുന്നതിന് വീണ്ടും ഡോക്ടര്‍ വെങ്കിടഗിരിയെ കണ്ടു.
നേരത്തെ ഓപ്പറേഷൻ നടത്തണമെങ്കില്‍ 2,000 രൂപ കൈക്കൂലി വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരൻ ഈവിവരം വിജിലൻസ് വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കാസര്‍ഗോഡ് വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കുകയുമായിരുന്നു.
ഇന്ന് വൈകിട്ട് 6:30-ഓടെ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഡോക്ടര്‍ വെങ്കിടഗിരിയുടെ വീട്ടില്‍വച്ച് 2,000 രൂപ പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു.