play-sharp-fill
ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഒരു മാസം മാത്രം പ്രായമായ പിഞ്ചു കുഞ്ഞ്; പാതിരാത്രിയിൽ കുട്ടിയെ ഉപേക്ഷിച്ചത് അമ്മത്തൊട്ടിലിന്റെ വരാന്തയിൽ; രക്ഷിച്ചത് ആശുപത്രി ജീവനക്കാരും പൊലീസുകാരനും

ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഒരു മാസം മാത്രം പ്രായമായ പിഞ്ചു കുഞ്ഞ്; പാതിരാത്രിയിൽ കുട്ടിയെ ഉപേക്ഷിച്ചത് അമ്മത്തൊട്ടിലിന്റെ വരാന്തയിൽ; രക്ഷിച്ചത് ആശുപത്രി ജീവനക്കാരും പൊലീസുകാരനും

തേർഡ് ഐ ബ്യൂറോ

കോട്ടയം: അർധരാത്രിയിൽ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിന്റെ വരാന്തയിൽ ഒരു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചു. തെരുവുനായ്ക്കളും സാമൂഹ്യ വിരുദ്ധരും അടക്കം നടക്കുന്ന ആശുപത്രിയിലെ അമ്മത്തൊട്ടിലിനു മുന്നിലാണ് മനസാക്ഷി ഒട്ടുമില്ലാതെ കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ കരച്ചിൽകേട്ട് ആശുപത്രി എയ്ഡ്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും, ആശുപത്രി ജീവനക്കാരും എത്തിയതോടെയാണ് കുഞ്ഞിനെ രക്ഷിക്കാനായത്. തുടർന്ന് ഇവർ പരിശോധന നടത്തിയപ്പോൾ അമ്മത്തൊട്ടിലിലെ അലാറം പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തി.
ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിന്റെ വരാന്തയിൽ പൊക്കിൾകൊടി പോലും പൂർണമായും മുറിച്ചു നീക്കാത്ത ഒരു മാസം പ്രായമുള്ള ആൺകുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ കൊണ്ടിടുന്ന സമയത്ത് ആശുപത്രിയിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. ഈ സമയം ജീവനക്കാരും, എയ്ഡ്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിൽക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽകേട്ട് ഇരുവരും ഓടിയെത്തി. തുടർന്ന് കുട്ടിയെ എടുത്ത് ആദ്യം അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യ നില സുരക്ഷിതമാണെന്ന് കണ്ടെത്തി. തുടർന്നു കുട്ടിയെ ലേബർ റൂമിലെ നേഴ്‌സറിയിലേയ്ക്ക് മാറ്റി.
ശിശുക്ഷേമസമിതി അധികൃതർ എത്തി അടുത്ത ദിവസം തന്നെ കുട്ടിയെ ഏറ്റെടുക്കുമെന്ന് അധികൃതർ അറിയിച്ചു.