
ദിഷ രവിയുടെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി കമലാഹാരിസിന്റെ സഹോദരീ പുത്രി മായാ ഹാരിസ്; മലയാളി അഭിഭാഷക നിഖിത ജേക്കബ്ബിനും അറസ്റ്റ് വാറണ്ട്; എന്താണ് ടൂള്‍കിറ്റ് കേസ്?; അറിയേണ്ടതെല്ലാം
തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ
ബംഗളൂരു: ലോകപ്രശസ്ത പരിസ്ഥിതി സംരക്ഷക ഗ്രേറ്റ തന്‍ബര്‍ഗ് ഉള്‍പ്പെട്ട ടൂള്‍കിറ്റ് കേസില്‍ വിവാദം കനക്കുന്നു. യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ സഹോദരീ പുത്രിയും അമേരിക്കന്‍ എഴുത്തുകാരിയുമായ മീന ഹാരിസ്. കര്‍ഷകര്‍ക്കായി സംസാരിച്ചതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ ക്യാമ്പയിന്റെ ഇന്ത്യയിലെ സ്ഥാപക പ്രവര്‍ത്തകരിലൊരാളായ ദിഷ രവിയെ (21) ബംഗളൂരുവിലെ സൊലദേവനഹള്ളിയിലെ വീട്ടില്‍നിന്ന് ശനിയാഴ്ച രാവിലെയാണ് ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വൈകീട്ട് ആറിനുള്ള വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ബംഗളൂരു മൗണ്ട് കാര്‍മല്‍ വനിത കോളജില്‍നിന്ന് ബിരുദം നേടിയ ശേഷം സസ്യങ്ങളില്‍നിന്ന് ഭക്ഷണം ഉല്‍പാദിപ്പിക്കുന്ന കമ്പനിയിലെ മാനേജറാണ് ദിഷ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിഷ രവിയെ ഡല്‍ഹി പട്യാല കോടതി അഞ്ചു ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കേസിലെ ആദ്യത്തെ അറസ്റ്റാണിത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. എന്നാല്‍ ടൂള്‍ കിറ്റ് ഉണ്ടാക്കിയത് താനല്ലെന്നും രണ്ടു വരി മാത്രമാണ് എഡിറ്റ് ചെയ്തതെന്നും കര്‍ഷക സമരത്തെ പിന്തുണക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും ദിഷ കോടതിയെ അറിയിച്ചു.
ദിഷയുടെ അറസ്റ്റിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വ്യാപക വിമര്‍ശനമാണുയരുന്നത്. ‘ഇന്ത്യ ബീയിങ് സൈലന്‍സ്ഡ്’ എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ വലിയ കാമ്ബയിനും ആരംഭിച്ചിട്ടുണ്ട്. അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരായ നികൊളസ് ഡേവ്സ്, ആദം റോബര്‍ട്സ് അടക്കമുള്ളളവരും പ്രതിഷേധത്തില്‍ പങ്കുചേരുന്നു.
ഇന്ന് മലയാളി അഭിഭാഷകയും ആക്ടിവിസ്റ്റുമായ നിഖിത ജേക്കബ്, ശന്തനു എന്നിവര്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ നിഖിതയാണ് ടൂള്‍ കിറ്റ് നിര്‍മിച്ചത് എന്നാണ് പൊലീസിന്റെ വാദം. നിഖിതയുടെ വീട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും പൊലീസ് പറഞ്ഞു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിഖിതയെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗ്രെറ്റ തുന്‍ബര്‍ഗിന്റെ ട്വിറ്ററിലൂടെയാണ് രാജ്യത്തെ കര്‍ഷക സമരം അന്താരാഷ്ട്ര ശ്രദ്ധനേടിയത്. സമരങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം ടൂള്‍ കിറ്റ് പ്രചരിക്കുന്നത് സാധാരണമാണ്. എന്നാല്‍, ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റിന് പിന്നില്‍ ഇന്ത്യക്കെതിരായ ഗൂഢാലോചനയുണ്ടെന്നാണ് പൊലിസ് വാദം. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റുമായി (ഗൂഗിള്‍ ഡോക്യുമെന്റ്) ബന്ധപ്പെട്ട് ഫെബ്രുവരി നാലിനാണ് ഡല്‍ഹി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതത്.
കര്‍ഷക സമരങ്ങളെ പിന്തുണക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടതും അവര്‍ ചെയ്യേണ്ടതുമായ കാര്യങ്ങളായിരുന്നു ഗ്രെറ്റ തുന്‍ബര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റില്‍ അടങ്ങിയിരുന്നത്.