നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

Spread the love


സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിന്റെ പകർപ്പിനായി ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കാർഡിന്റെ പകർപ്പ് ദിലീപിന് നിയമപരമായി നൽകാനാകുമോയെന്നാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. തന്നെ മനപ്പൂർവം കേസിൽ കുടുക്കാനായി ദൃശ്യങ്ങളിൽ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും നിരപരാധിത്വം തെളിയിക്കാൻ കാർഡ് ലഭ്യമാക്കണമെന്നായിരുന്നു ദിലീപിന്റെ വാദം. വിചാരണ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് ദിലീപ് സുപ്രീംകോടതിയിലെത്തിയത്. കഴിഞ്ഞ തവണ വാദം കേട്ട കോടതി ഐടി ആക്റ്റ് അടക്കമുള്ള നിയമങ്ങൾ പ്രകാരം മെമ്മറി കാർഡ് ലഭിക്കാൻ പ്രതിക്ക് അവകാശം ഉണ്ടോയെന്ന് ബോധ്യപ്പെടുത്താൻ ദിലീപിന്റെ അഭിഭാഷകന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ്മാരായ എഎം ഖാൻവിൽക്കർ, അജയ് റസ്‌തോഗി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച് നീലച്ചിത്രം പകർത്താനാണ് പ്രതികൾ ഉദ്ദേശിച്ചിരുന്നത് എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത് പുറത്ത് വന്നാൽ ഇരയ്ക്ക് ആജീവനാന്തം ഭീഷണിയുണ്ടാകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. മെമ്മറി കാർഡ് തൊണ്ടി മുതൽ തന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന ഒന്നല്ലെന്നും വിലയിരുത്തിയാണ് ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയത്. അതിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയിൽ പോയത്.