നടിയെ ആക്രമിച്ചതിന്റെ വീഡിയോ; ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി മാറ്റി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി സുപ്രീംകോടതി മാറ്റി വച്ചു. വാദത്തിനായി കൂടുതൽ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം. നിരപരാധിത്വം തെളിയിക്കാൻ വീഡിയോ ദൃശ്യങ്ങൾ ഉപകരിക്കുമെന്ന ദിലീപിന്റെ ആവശ്യം വിചാരണകോടതിയും ഹൈക്കോടതിയും തള്ളിയതിനെ തുടർന്നാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. സമർപ്പിച്ച ദൃശ്യങ്ങളിൽ എഡിറ്റിംഗ് നടന്നിട്ടുണ്ടന്നും കോടതിയിൽ വാദിച്ചിരുന്നു. നീലച്ചിത്രം പകർത്താനാണ് നടിയെ ആക്രമിച്ചത് എന്നായിരുന്നു പ്രോസിക്ക്യൂഷന്റെ വാദം. ഇത് പുറത്ത് വന്നാൽ ഇരയ്ക്ക് ആജീവനാന്തം ഭീഷണിയുണ്ടാകുമെന്നും പ്രോസിക്ക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. മെമ്മറിക്കാർഡ് തൊണ്ടിമുതൽ തന്നെയാണെന്നും തെളിവായി മാത്രം ഉപയോഗിക്കാവുന്ന ഒന്നല്ല എന്നും വിലയിരുത്തിയായിരുന്നു ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയത്.