ഇനിയും കാത്തിരിക്കണം;ദിലീപ് അടക്കമുള്ളവരുടെ മുൻകൂർജാമ്യഹർജി ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി

ഇനിയും കാത്തിരിക്കണം;ദിലീപ് അടക്കമുള്ളവരുടെ മുൻകൂർജാമ്യഹർജി ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർജാമ്യഹർജി ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.ചൊവ്വാഴ്ച വരെ
അറസ്റ്റ് ഉണ്ടാവില്ല എന്നും പോലീസ് .

ഹർജി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഇനി മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിലീപിന്റെ സഹോദരൻ പി.ശിവകുമാർ (അനൂപ്), സഹോദരി ഭർത്താവ് ടി.എൻ.സൂരജ് എന്നിവരാണു മുൻകൂർ ജാമ്യാപേക്ഷ നൽകിയ മറ്റുള്ളവർ. നടന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ബാലചന്ദ്രകുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാർ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വധഭീഷണി മുഴക്കിയെന്നാണ് ദിലീപിനെതിരായ കേസ്.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദർശൻ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നു സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. സംഭാഷണങ്ങളുടെ റിക്കോർഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാർ കൈമാറിയിരുന്നു.

വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു. ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നു സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയതും സംഭാഷണങ്ങളുടെ ശബ്ദരേഖ കൈമാറിയതും വിചാരണ വൈകിക്കാനുണ്ടാക്കിയ കഥയാണെന്നും കേസിനു ഗൗരവ സ്വഭാവമില്ലെന്നും അഭിഭാഷകൻ അഭിപ്രായപ്പെട്ടു.

കേസിൽ കൂടുതൽ തെളിവു തേടി ക്രൈംബ്രാഞ്ച് സംഘം നടൻ ദിലീപിന്റെ വീട് അടക്കം മൂന്ന് ഇടങ്ങളിൽ വ്യാഴാഴ്ച റെയ്ഡ് നടത്തിയിരുന്നു. ആലുവയിലെ ‘പത്മസരോവരം’ വീട്ടിൽ പകൽ 11.50ന് ആരംഭിച്ച റെയ്ഡ് 6.50 വരെ നീണ്ടു. ഹാർഡ് ഡിസ്‌ക്, മൊബൈൽ ഫോണുകൾ, ടാബ്, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തു.

എറണാകുളം ചിറ്റൂർ റോഡിൽ ദിലീപിന്റെ സിനിമാ നിർമാണക്കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ഓഫിസിലും ആലുവ പറവൂർ കവല വിഐപി ലെയ്‌നിൽ ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും ഇതേ സമയംതന്നെ പരിശോധന നടന്നു. ഇവിടെനിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു. ദിലീപ് ഇപ്പോൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ അഭിഭാഷകന്റെ ആവശ്യപ്രകാരം പ്രത്യേകം കൈപ്പറ്റു ചീട്ട് എഴുതി നൽകിയാണ് കസ്റ്റഡിയിലെടുത്തത്. സിം കാർഡുകൾ തിരികെ നൽകി. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപ് തോക്ക് ചൂണ്ടി സംസാരിച്ചെന്നും സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയ സാഹചര്യത്തിലായിരുന്നു റെയ്ഡ്.

ജാമ്യത്തിൽ ഇറങ്ങിയപ്പോൾത്തന്നെ ദിലീപിനു നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നെന്നും താൻ ഇതിനു സാക്ഷിയാണെന്നുമാണു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഒരു വിഐപി വഴിയാണു ദൃശ്യങ്ങൾ കൈമാറിയത്. ദിലീപിന്റെ സഹോദരനും സഹോദരീഭർത്താവും ഉൾപ്പെടെയുള്ളവർ ഈ ദൃശ്യങ്ങൾ കണ്ടതിനു താൻ സാക്ഷിയാണെന്നും ദൃശ്യങ്ങൾ കാണാൻ തന്നെ വിളിച്ചെങ്കിലും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്നു മനസ്സിലായതിനാൽ ഒഴിവാകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിവരം വെളിപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥയെ ബന്ധപ്പെട്ടെങ്കിലും അവർ താൽപര്യം കാണിച്ചില്ലെന്നും ബാലചന്ദ്രകുമാർ സൂചിപ്പിച്ചിരുന്നു. കേസിൽ ദിലീപിനെ ചോദ്യം ചെയ്ത ഒരു പൊലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്തുന്നതു സംബന്ധിച്ചു ദിലീപും ബന്ധുക്കളും സംസാരിക്കുന്നതു കേട്ട് ഭയന്നാണ് ഒന്നും പറയാതിരുന്നതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വിശദീകരണം.