ഒന്നുകിൽ തനിക്ക് വിജിലൻസ് ഡയറക്ടർ പദവി നൽകുക, അല്ലാത്ത പക്ഷം സ്വയം വിരമിക്കലിന് അനുവാദം നൽകണം ; ഡി.ജി.പി ജേക്കബ് തോമസ്
സ്വന്തം ലേഖകൻ
കൊച്ചി: ഒന്നുകിൽ തനിക്ക് വിജിലൻസ് ഡയറക്ടർ പദവി നൽകുക. അതല്ലെങ്കിൽ സ്വയം വിരമിക്കുന്നതിനുള്ള അനുവാദം തരണമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. പിണറായി സർക്കാർ തുടരുന്ന തുടർ അവഹേളനങ്ങൾക്കെതിരെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ (സി.എ.ടി) ഡിജിപി ജേക്കബ് തോമസ് ഹർജി നൽകി.
ഡി.ജി.പി. റാങ്കിനു തത്തുല്യമായ തസ്തിക നൽകി തിരിച്ചെടുക്കണമെന്ന സി.എ.ടി. മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് പാലിച്ചിട്ടില്ലെന്നു ഹർജിയിലുണ്ട്. സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐ.പി.എസ്. ഓഫീസറായ തനിക്ക് അനുയോജ്യ പദവി നൽകാത്തത് മനുഷ്യാവകാശ ലംഘനവും സി.എ.ടിയോടുള്ള അവഹേളനവുമാണ്. തരംതാഴ്ത്താനുള്ള ബോധപൂർവമായ ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഐ.പി.എസുകാർക്കു രണ്ടു കേഡർ തസ്തികയും രണ്ട് എക്‌സ് കേഡർ തസ്തികയുമാണു സംസ്ഥാനത്തുള്ളത്. സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ എന്നിവയാണ് കേഡർ തസ്തികകൾ. വിജിലൻസ് ഡയറക്ടർ തസ്തിക ആറുമാസമായി ഒഴിഞ്ഞുകിടന്നിട്ടും തന്നെ പരിഗണിക്കുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്നെ നിയമിച്ച ഷൊർണൂരിലെ മെറ്റൽ ഇൻഡസ്ട്രീസ് സി.എം.ഡി. പദവി സംസ്ഥാന പൊലീസ് മേധാവിയേക്കാൾ സീനിയറായ ഓഫീസർ സേവനമനുഷ്ഠിക്കേണ്ട തസ്തികയല്ല. മഴു, മാലിന്യപ്പെട്ടി, ചിരവ തുടങ്ങിയവ ഉണ്ടാക്കുന്ന സ്ഥാപനമാണിത്. ജീവനക്കാർ 40 പേർ മാത്രം. നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനിൽ ഇതിലധികം ഉദ്യോഗസ്ഥരുണ്ട്. ഡി.ജി.പി, ജയിൽ ഡി.ജി.പി, ഫയർ ഡി.ജി.പി, വിജിലൻസ് ഡയറക്ടർ എന്നിവർക്കാണ് ഡി.ജി.പി. പദവിയുള്ളത്. ഇതിൽ ഏതെങ്കിലുമൊന്നു ലഭിക്കണം. കേഡർ തസ്തികയിൽ നിയമിക്കാൻ സർക്കാരിനു താൽപ്പര്യമില്ലെങ്കിൽ മുൻകാല പ്രാബല്യത്തോടെ വി.ആർ.എസ്. അനുവദിക്കണം.
മന്ത്രി ഇ.പി. ജയരാജനെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതാണു സർക്കാരിനു തന്നോടുള്ള വിരോധത്തിനു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സി.എ.ടി. ഉത്തരവിന്റെ മറവിൽ ഇ.പി. ജയരാജന്റെ കീഴിലുള്ള പീഡിത വ്യവസായ സ്ഥാപനത്തിന്റെ എം.ഡിയാക്കി. അത് അവഹേളിക്കാനും പീഡിപ്പിക്കാനും വേണ്ടിയാണെന്നും ജേക്കബ് തോമസ് ആരോപിച്ചു.
പത്തുമാസമായി സർക്കാരിൽനിന്ന് ഒരുരൂപ പോലും പ്രതിഫലം ജേക്കബ് തോമസിന് കിട്ടിയിട്ടില്ല. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടർന്ന് ജോലിയിൽ തിരികെ പ്രവേശിച്ചപ്പോൾ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് എം.ഡിയാക്കി ഒതുക്കിയ ജേക്കബ് തോമസിന് ജനുവരിക്കുശേഷം അലവൻസോ ശമ്ബളമോ നൽകിയിട്ടില്ല. തുല്യപദവിയായി കാണിച്ചാണ് നിയമിച്ചതെങ്കിലും ഔദ്യോഗികവാഹനമോ ഡ്രൈവറോ ഗൺമാനോ പോയിട്ട് ഒരു മൊബൈൽ ഫോൺ കണക്ഷൻ പോലുമില്ലാത്ത അവസ്ഥയിലാണ്.
ജനുവരി 31നാണ് അവസാനം അലവൻസ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നും തരാതെ തന്നെ കെട്ടിയിട്ടിരിക്കയാണ്. പുറത്തിറങ്ങിയാൽ തെങ്ങുകയറിയോ വണ്ടിയോടിച്ചോ ജീവിക്കാമായിരുന്നു. കൂലിനൽകാതെ പണിയെടുപ്പിക്കുന്നതിനെ അടിമത്തം എന്നാണ് പറയുക. ഭരണഘടനയിൽ അടിമത്തം ഇല്ലെന്നാണ് പറയുന്നത്. അപ്പോൾ എന്റെ അവസ്ഥയ്ക്ക് കാരണക്കാരായവർ ഭരണഘടനാ ലംഘനംനടത്തുന്നില്ലേ? ജേക്കബ് തോമസ് ചോദിച്ചു. ശമ്ബളക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറിക്ക് കത്തുനൽകിയിട്ടുണ്ട്.
ഭരണഘടനയിൽ സ്വാതന്ത്ര്യം സമത്വം സാഹോദര്യം പറയുന്നു. കേരളത്തിലെ മറ്റ് മൂന്ന് ഡി.ജി.പി.മാർക്ക് നികുതിദായകരുടെ പണംകൊണ്ട് എത്ര വണ്ടിയും എത്ര ഡ്രൈവർമാരും എത്ര പൊലീസുകാരെയുമാണ് കൊടുത്തിട്ടുള്ളതെന്നു നോക്കണം. ഏറ്റവും സീനിയറായിട്ടും തനിക്ക് അതൊന്നുമില്ല. ഡി.ജി.പിമാർ തുല്യരാവേണ്ടേ? സമത്വം വേണ്ടേ? 20 വർഷമായി മെറ്റൽ ഇൻഡസ്ട്രീസ് നഷ്ടത്തിലാണ്. ജീവനക്കാർക്ക് ശമ്ബളം നൽകാൻ കഴിഞ്ഞ വർഷം ഒരു കോടിയും അതിന് മുമ്ബ് ഒന്നരക്കോടിയും സർക്കാർ അനുവദിച്ചിരുന്നു.
ഈ സാമ്പത്തിക വർഷം 50 ലക്ഷമാണ് പ്രഖ്യാപിച്ചത്, അത് ഇതുവരെയും ലഭിച്ചിട്ടില്ല. പി.എഫ്, ഇ.എസ്‌ഐ. കുടിശികയുണ്ട്. ജീവനക്കാരുടെ റിക്കവറി അടച്ചിട്ടില്ല. കഴിഞ്ഞ തവണ ബോണസ് നൽകാനെടുത്ത എട്ടുലക്ഷം രൂപ ബാങ്കിൽ തിരിച്ചടയ്ക്കണം. നിലവിലെ സാഹചര്യത്തിൽ തന്റെ ശമ്പളം എടുത്താൽ ഇവിടത്തെ സാധാരണ തൊഴിലാളികൾക്ക് വീട്ടിൽ കൊണ്ടു പോകാനുള്ള ശമ്പളം ഉണ്ടാവില്ല. ഇവിടത്തെ തൊഴിലാളികൾക്ക് ശമ്പളം നൽകാനാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.