
സ്വന്തം ലേഖകൻ
തൊടുപുഴ: എസ് രാജേന്ദ്രൻ ബിജെപിയില്‍ ചേരാനും ചേരാതിരിക്കാനും സാധ്യത. ബിജെപിയില്‍ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് രാജേന്ദ്രൻ പറയുന്നു. അക്കാര്യമൊന്നും തീരുമാനിച്ചിട്ടില്ല. ഓരോ ദിവസവും മാറ്റിപ്പറയുന്ന സ്വഭാവം എനിക്കില്ല. ബിജെപി. മാത്രമല്ല, കോണ്‍ഗ്രസും മറ്റ് ചില പാർട്ടികളും എന്നെ ക്ഷണിച്ചിട്ടുണ്ടെന്നാണ് രാജേന്ദ്രന്റെ വിശദീകരണം.
ഇതോടെ രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം സജീവമായി തുടരും. ഇടുക്കിയില്‍ എൻഡിഎ സ്ഥാനാർത്ഥിയായി രാജേന്ദ്രൻ മത്സരിക്കുമെന്നും സൂചനയുണ്ട്. ബിജെപിയുമായി ചർച്ച നടത്തിയത് രാജേന്ദ്രൻ സ്ഥിരീകരിക്കുന്നുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു സുഹൃത്ത് വിളിച്ചു. ബിജെപി. നേതാവിന് എന്നെ കാണണമെന്ന് പറഞ്ഞു. വീട്ടില്‍ കയറരുതെന്ന് പറയുന്നത് എന്റെ സംസ്‌കാരമല്ല. വരാൻ പറഞ്ഞു. അദ്ദേഹം വീട്ടില്‍ വന്നു. കണ്ടു. സംസാരിച്ചു. കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. സിപിഎമ്മിലെ എന്റെ അവസ്ഥ ഞാൻ പറഞ്ഞു. എന്താണ് വേണ്ടതെന്നു ചോദിച്ചു.
ഞാനതേക്കുറിച്ച് ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ചിന്തിച്ചിട്ടുവേണ്ടേ പറയാൻ-ഇതാണ് ബിജെപിയുമായുള്ള ചർച്ചയില്‍ രാജേന്ദ്രന്റെ വെളിപ്പെടുത്തല്‍. ബിജെപി മുന്നണിയില്‍ ഇടുക്കിയില്‍ മത്സരിക്കേണ്ടത് ബിഡിജെഎസാണ്. രാജേന്ദ്രൻ മനസ്സ് വ്യക്തമാക്കാത്തതു കൊണ്ട് അവിടെ ബിഡിജെഎസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
2022ല്‍ എന്നെ പാർട്ടിയില്‍നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം. സ്ഥാനാർത്ഥിയെ തോല്‍പ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കുറ്റം. 2023-ല്‍ ഒരു വർഷത്തെ സസ്‌പെൻഷൻ കഴിഞ്ഞു. പക്ഷേ, ഞാൻ മെമ്ബർഷിപ്പ് പുതുക്കിയില്ല. പാർട്ടിക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിക്ക് അതില്‍ തുടരുന്നതില്‍ അർഥമില്ലല്ലോ-ഇതാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ രാജേന്ദ്രൻ പറയുന്നത്. സിപിഎമ്മുമായി സഹകരിക്കാൻ ഇനി കഴിയില്ലെന്ന സൂചന അതിലുണ്ട്. എന്നാല്‍ പാർട്ടിയോ ഇപ്പോഴും സ്‌നേഹമുണ്ടെന്നും രാജേന്ദ്രൻ പറയുന്നു. സിപിഎമ്മും തന്നോട് ചർച്ചകള്‍ നടത്തുന്നുണ്ടെന്ന് രാജേന്ദ്രൻ വെളിപ്പെടുത്തുകയും ചെയ്തു.
സസ്‌പെൻഷൻ കിട്ടി മൂന്നു നാല് മാസത്തിനുള്ളില്‍ത്തന്നെ കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടിരുന്നു. തിരികെ വന്ന് പാർട്ടിയില്‍ പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ജനുവരി 22-ന് ഗോവിന്ദൻ മാസ്റ്ററെ കണ്ടിരുന്നു. പാർട്ടിയോടുചേർന്ന് നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഒൻപതിന് ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഇതേക്കുറിച്ച് സംസാരിച്ചു.
തിരഞ്ഞെടുപ്പ് കാലമാവുമ്ബോള്‍ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനും വിട്ടുപോയവരെ തിരികെ വിളിക്കാനുമൊക്കെ പാർട്ടി ശ്രമിക്കുമല്ലോ. അതൊക്കെ സ്വാഭാവികം-ഇതാണ് സിപിഎമ്മുമായുള്ള ചർച്ചകളെ കുറിച്ച് രാജേന്ദ്രന് പറയാനുള്ളത്. എംഎം മണിയുമായുള്ള ഭിന്നതകളാണ് സിപിഎമ്മില്‍ രാജേന്ദ്രന് വിനയായത്.
പാർട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന ദേവികുളം മുൻ എംഎല്‍എ എസ്.രാജേന്ദ്രനെ അനുനയിപ്പിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി. രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായതോടെയാണ് ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, എം.എം.മണി എംഎല്‍എ എന്നിവർ അനുനയ നീക്കവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച മൂന്നാറിലെത്തിയ ഇരുവരും രാജേന്ദ്രൻ വിഷയം ചർച്ച ചെയ്തു. തുടർന്ന് രാജേന്ദ്രനുമായി അടുത്ത ബന്ധമുള്ള പാർട്ടി നേതാവിനെ ചർച്ചകള്‍ക്കായി ചുമതലപ്പെടുത്തി.
ഈ നേതാവ് വീട്ടിലെത്തി രണ്ടു മണിക്കൂറിലധികം സമയം രാജേന്ദ്രനുമായി ചർച്ച നടത്തി. പാർട്ടിയില്‍ മടങ്ങിയെത്തി സജീവമാകണമെന്നും മറ്റു പാർട്ടികളിലേക്കു പോകരുതെന്നുമായിരുന്നു ചർച്ചയിലെ പ്രധാന ആവശ്യം. പാർട്ടിയില്‍ മടങ്ങിയെത്തിശേഷം, മുൻപ് വഹിച്ചിരുന്ന പദവികള്‍ നല്‍കാമെന്ന് ജില്ലാ നേതൃത്വം ഉറപ്പുകൊടുത്തതായാണ് സൂചന.
സിപിഎമ്മില്‍ രാജേന്ദ്രനുമായി ചില പ്രാദേശിക നേതാക്കള്‍ക്കുള്ള ഭിന്നത മാത്രമാണ് നിലനില്‍ക്കുന്നത്. ഈ ഭിന്നത ജില്ലാ നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നാണ് കരുതുന്നത്.15 വർഷം എംഎല്‍എയായിരുന്ന രാജേന്ദ്രന് തോട്ടം മേഖലയിലെ തമിഴ് ജനങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമാണുള്ളത്. ഇതു മുതലെടുക്കാനാണ് ബിജെപി ശ്രമം. കോണ്‍ഗ്രസുകാരാണ് ബിജെപിയില്‍ ചേരുന്നതെന്ന പ്രചരണമാണ് സിപിഎം നടത്തുന്നത്. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ മുൻ എംഎല്‍എയെ ബിജെപിയില്‍ പോകുന്നതില്‍ നിന്ന് എങ്ങനേയും തടയാനാണ് സിപിഎം ശ്രമം.
1991 മുതല്‍ ദേവികുളം മണ്ഡലം കുത്തകയാക്കിയ കോണ്‍ഗ്രസ് നേതാവ് എ.കെ. മണിയെ തറപറ്റിച്ചാണ് സിപിഎം. നേതാവായിരുന്ന എസ്. രാജേന്ദ്രൻ 2006-ല്‍ ആദ്യം നിയമസഭയില്‍ എത്തുന്നത്. 2011-ലും 2016-ലും വിജയം ആവർത്തിച്ചു. എന്നാല്‍, 2021-ല്‍ എസ്. രാജേന്ദ്രന് സീറ്റ് നിഷേധിക്കപ്പെട്ടു. പിന്നീട് പാർട്ടിക്ക് അനഭിമതനായി രാജേന്ദ്രൻ മാറുകയായിരുന്നു.



