
കോട്ടയം: അടുത്ത വേനലിനു മുമ്പെങ്കിലും നാട്ടകത്ത് കുടിവെള്ളമെത്തുമോ? നാട്ടകം കുടിവെള്ള പദ്ധതി യാഥാര്‍ഥ്യത്തിലേക്കെന്നും പദ്ധതി ഉടന്‍ പുനരാരംഭിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ.
ദേശീയപാത മുറിച്ച് പൈപ്പ് സ്‌ഥാപിക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റി അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി നിര്‍മാണം തടസപ്പെട്ടു കിടക്കുകയായിരുന്നു.
പദ്ധതിയ്‌ക്കായി പാത മുറിച്ചു പൈപ്പ് സ്‌ഥാപിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജ് എം.പി ഇടപെട്ട് അനുമതി വാങ്ങിയതിനെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
അനുമതി ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ നിലവിലുള്ള ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സാങ്കേതിക അനുമതി കേരളാ വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ നല്‍കിയതായും എം.എല്‍.എ. പറഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിക്കാന്‍ ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജിബോയ് ജോസ്, അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജീനീയര്‍ സാം ജോഷ്വാ, അസിസ്‌റ്റന്റ് എന്‍ജീനീയര്‍ സൂര്യശശിധരന്‍ എന്നിവര്‍ സംബന്ധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം നഗരസഭയിലെ നാട്ടകം പ്രദേശത്തെ 30 മുതല്‍ 44 വരെയുള്ള 15 വാര്‍ഡുകളിലെ ആറായിരത്തോളം വീടുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ മുന്‍കൈ എടുത്ത് 2016 ല്‍ ആരംഭിച്ചതാണ് നാട്ടകം കുടിവെള്ള പദ്ധതി. കിഫ്‌ബി പദ്ധതി പ്രകാരമുള്ള 21 കോടി രൂപയുടെ പദ്ധതി ആയിരുന്നു ഇത്. ആദ്യഘട്ടത്തില്‍ 12 കോടി ചെലവ് ചെയ്‌ത് വെള്ളൂപ്പറമ്പ് പമ്പിങ്ങ് സ്‌റ്റേഷന്‍ മുതല്‍ സംസ്‌ഥാന ജില്ലാ റോഡുകളുടെ അതിര്‍ത്തിവരെ പൈപ്പുകള്‍ സ്‌ഥാപിച്ചും മറിയപ്പള്ളി ഓവര്‍ഹെഡ് ടാങ്കിന്റെ ക്ഷമത 7 ലക്ഷം ലിറ്ററില്‍ നിന്നു 13 ലക്ഷം ലിറ്റര്‍ ആയി ഉയര്‍ത്തിയും 90 ശതമാനം പണികള്‍ പൂര്‍ത്തിയാക്കി.
2020 മുതല്‍ കോട്ടയം കളക്രേ്‌ടറ്റ് മുതല്‍ കഞ്ഞിക്കുഴി, മണിപ്പുഴ മുതല്‍ മറിയപള്ളി, മറിയപള്ളി മുതല്‍ കോടിമത എന്നിങ്ങനെയുള്ള 4 കിലോ മീറ്റര്‍ നീളം പൈപ്പ് ഇടാന്‍ ദേശിയ പാത അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും അനുമതി നല്‍കിയില്ല. മറ്റ് പണികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം 2022 ല്‍ അനുമതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ദേശീയപാത അധികൃതര്‍ അനുമതി നല്‍കിയില്ല. ഇതിനെത്തുടര്‍ന്ന് പദ്ധതി പൂര്‍ണമായും മുടങ്ങി. തുടര്‍ന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. ഇടപെട്ട് അനുമതി വാങ്ങിയത്.