കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി രാജ്യതലസ്ഥാനം; ഒറ്റ ദിവസം റദ്ദാക്കിയത് 600ഓളം ഫ്ളൈറ്റുകള്‍, ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി.
ന്യൂഡല്‍ഹി : മൂടല്‍മഞ്ഞും അതിശൈത്യവും രൂക്ഷമായ ഡല്‍ഹിയും സമീപ സംസ്ഥാനങ്ങളും ഒറ്റ ദിവസം വൈകിയത് 600ഓളം ഫ്ളൈറ്റുകള്‍. കര, റെയില്‍, വ്യോമ ഗതാഗതത്തെ ഏതാണ്ട് 12 മണിക്കൂറിനടുത്ത് നീണ്ടുനിന്ന കനത്ത മൂടല്‍മഞ്ഞ് കാര്യമായിതന്നെ ബാധിച്ചു.
പരമാവധി കാഴ്‌ചാപരിധി രാത്രി 12.30 മുതല്‍ പുലര്‍ച്ചെ മൂന്ന് മണിവരെ 200 മീറ്ററില്‍ താഴെയായിരുന്നു. തുടര്‍ന്ന് മൂന്ന് മണിമുതല്‍ രാവിലെ പത്തര വരെ പൂജ്യം ആയതോടെ ആയിരക്കണക്കിന് യാത്രക്കാരും സാധാരണക്കാരും ബുദ്ധിമുട്ടി. പിന്നീട് 12 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ കാഴ്‌ച വ്യക്തമായെങ്കിലും അപ്പോഴേക്കും വിമാന, റെയില്‍ ഗതാഗതം താറുമാറായിരുന്നു. ഡല്‍ഹി വിമാനത്താവളത്തിലെത്തേണ്ട നിരവധി വിമാനങ്ങള്‍ ജയ്‌പൂരേക്ക് വഴിതിരിച്ചുവിട്ടതായാണ് വിവരം.
ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കായി മണിപ്പൂരിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കയറിയ ഇൻഡിഗോ വിമാനവും കഴിഞ്ഞദിവസം മൂടല്‍മഞ്ഞും അതിശൈത്യവും കാരണം യാത്ര പുറപ്പെടാൻ വൈകിയിരുന്നു. വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകുന്നതിനൊപ്പം ബദല്‍ സൗകര്യങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്താത്തത് യാത്രക്കാരെ രോഷാകുലരാക്കി. പലരും സമൂഹമാദ്ധ്യമങ്ങളിലൂടെ തങ്ങളുടെ അതൃപ്‌തി വ്യക്തമാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group