
വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ; സർക്കാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം; ഡൽഹി സമ്പൂർണ ലോക് ഡൗണിലേക്ക്?
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണ തോത് വർധിക്കുന്നതിനാൽ ഈമാസം 15 മുതൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
എന്നാൽ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ തുടരും. ഇതോടൊപ്പം 14 മുതൽ 17 വരെ ഡൽഹിയിലുടനീളമുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത ആഴ്ച 100 ശതമാനം സർക്കാർ ജീവനക്കാരും വീടുകളിലിരുന്ന് ജോലി ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരോട് വർക്ക് ഫ്രം ഹോമിൽ പോകാൻ നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും നടത്തിയ ഉന്നതതല അടിയന്തര യോഗത്തിന് ശേഷമാണ് ഡൽഹി മുഖ്യമന്ത്രി ഈ തീരുമാനം പ്രഖ്യാപിച്ചത്.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ, പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
“മലിനീകരണ സാഹചര്യം മോശമായാൽ ഡൽഹിയിൽ സമ്പൂർണ ലോക്ഡൗൺ സംബന്ധിച്ച് സുപ്രീം കോടതി ഒരു നിർദേശം നൽകിയിരുന്നു.
ഇക്കാര്യത്തിൽ ഞങ്ങൾ ഒരു പദ്ധതി തയ്യാറാക്കുകയാണ്. അത് കേന്ദ്രവുമായും ബന്ധപ്പെട്ട ഏജൻസികളുമായി ചർച്ച ചെയ്യും. അങ്ങനെ സംഭവിച്ചാൽ നിർമാണ പ്രവർത്തനങ്ങളും വാഹനഗതാഗതവും നിർത്തിവെക്കും”, കേജ്രിവാൾ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.