ഡൽഹിയിൽ നഴ്‌സും കൈപ്പുഴ സ്വദേശിയുമായ 28 കാരി വീട്ടിനുള്ളിൽ പ്രസവിച്ചു: പ്രസവത്തോടെ മരിച്ച കുട്ടിയെ ബക്കറ്റിലാക്കി വീട്ടിനുള്ളിലാക്കി; അമിത രക്തസ്രാവത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി എത്തിയതോടെ ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു; ഭർത്താവ് ഉപേക്ഷിച്ച യുവതിയുടെ കുട്ടിയുടെ മരണത്തിൽ ദുരൂഹത
ക്രൈം ഡെസ്‌ക്
കോട്ടയം: ഡൽഹിയും നഴ്‌സും കൈപ്പുഴ സ്വദേശിയുമായ 28 കാരി വീടിനുള്ളിൽ പ്രസവിച്ചു. പ്രസവത്തെ തുടർന്ന് കുട്ടി മരിച്ചതോടെ അമിത രക്തസ്രാവമുണ്ടായതോടെ പെൺകുട്ടി, അച്ഛനെ വിളിച്ചു വരുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് ഓട്ടോറിക്ഷയിൽ എത്തി. പ്രസവത്തിന് ശേഷം അമിത രക്തസ്രാവത്തോടെ ഭർത്താവില്ലാത്ത യുവതി എത്തിയതോടെ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. കുട്ടിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഡൽഹിയിൽ നഴ്‌സായിരുന്ന 28 കാരി രണ്ടര മാസം മുൻപാണ് കൈപ്പുഴയിലെ വീട്ടിൽ എത്തിയത്. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്നാണ് താൻ വീട്ടിലെത്തിയതെന്ന് യുവതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, രണ്ടു വർഷത്തിലേറെയായി ഇവരും ഭർത്താവും അകന്ന് കഴിയുകയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗവും മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരും നൽകുന്ന വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണത്തിന്റെ അവധിയ്ക്കായി നാട്ടിലെത്തിയ യുവതി താൻ ഗർഭിണിയാണെന്ന വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഇതിനിടെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ യുവതി കുട്ടിയ്ക്ക് ജന്മം നൽകിയത്. പ്രസവത്തെ തുടർന്ന് കുട്ടി മരിച്ചതോടെ മൃതദേഹം വീടിനുള്ളിലെ ബക്കറ്റിൽ ഒളിപ്പിച്ചതായി പെൺകുട്ടി പൊലീസിനോടു പറഞ്ഞു. പ്രസവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പെൺകുട്ടിയുടെ അച്ഛനും അമ്മയും ജോലിയ്ക്കു പോയിരിക്കുകയായിരുന്നു. കുട്ടി മരിച്ചതോടെ ഭയന്നു പോയ താൻ അച്ഛനെ വിളിച്ചു വരുത്തിയതായി യുവതി പറയുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുകയായിരുന്നു.
അമിത രക്തസ്രാവമാണ് എന്നു മാത്രമാണ് പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെ അറിയിച്ചത്. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് യുവതി പ്രസവിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിനെ അറിയിച്ചു. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ അനൂപ് ജോസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. തുടർന്ന് വീട്ടിലെത്തി നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
കുട്ടിയുടെ മരണം സ്വാഭാവികമാണോ എന്ന് കണ്ടെത്തുന്നതിനായി വെള്ളിയാഴ്ച നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. കുട്ടി ജനിച്ച ഉടൻ മാനക്കേട് ഭയന്ന് കൊലപ്പെടുത്തിയതാണോ എന്ന സംശയം പൊലീസിനുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. പെൺകുട്ടി പൊലീസിന്റെ കർശന നിരീക്ഷണത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.