അമിത് ഷായ്ക്ക് ചുവടുകൾ പിഴയ്ക്കുന്നു ; ഡൽഹിയുടെ കിരീടവും ചെങ്കോലും അണിയാൻ ബി.ജെ.പി ഇനിയും കാത്തിരിക്കണം
സ്വന്തം ലേഖകൻ
ന്യൂഡൽഹി : അമിത്ഷായ്ക്ക് ചുവടുകൾ പിഴയ്ക്കുന്നു. രാജ്യ തലസ്ഥാനത്തിന്റെ കിരീടവും ചെങ്കോലും അണിയാൻ ബിജെപി ഇനിയും കാത്തിരിക്കണം . എക്‌സിറ്റ്‌പോൾ പ്രവചനങ്ങളെ ശരിവെച്ച് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിെന്റ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഹാട്രിക് വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പായി.
വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ആം ആദ്മി പാർട്ടി 58 സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. അതേസമയം പോയ തെരെഞ്ഞെടുപ്പിനെക്കാൾ സീറ്റിൽ വർധനവ് ഉണ്ടാക്കാൻ ബിജെപിയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഡൽഹിയുടെ ചിത്രത്തിൽ പോലും കോൺഗ്രസിന് എത്താൻ സാധിച്ചിട്ടില്ലെന്നതും വസ്തുതയാണ്.
തെരഞ്ഞെടുപ്പിെന്റ പ്രചാരണത്തിലുടനീളം അമിത് ഷായുടെ തന്ത്രങ്ങളായിരുന്നു ബി.ജെ.പിയെ മുന്നോട്ട് നയിച്ചത്. ജെ.പി നദ്ദ പാർട്ടി അധ്യക്ഷസ്ഥാനത്ത് എത്തിയെങ്കിലും ഡൽഹിയിലെ ബി.ജെ.പിയെ മുന്നോട്ട് നയിച്ചത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശങ്ങളായിരുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി കാലിടറി വീഴുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് അമിത് ഷായുടെ തന്ത്രങ്ങൾ കൂടിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വികസനവും വിഭജന അജണ്ടയും തമ്മിലുള്ള പോരാട്ടമായിരുന്നു ഡൽഹി തെരഞ്ഞെടുപ്പിൽ. വികസന നേട്ടങ്ങളെ മുൻനിർത്തി ആപ് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ സി.എ.എ സമരങ്ങളെ അധിക്ഷേപിച്ച് വർഗീയ അജണ്ടയായിരുന്നു അമിത് ഷായുടെ പ്രചാരണ ആയുധം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരക്കാരെ ദേശദ്രോഹികളായി ചിത്രീകരിക്കാനും അവരെ വെടിവെച്ച് കൊല്ലാൻ വരെ ബി.ജെ.പി നേതാക്കൾ ആഹ്വാനം ചെയ്തു. ഈ സാമുദായിക ധ്രുവീകരണം ജനങ്ങൾ തള്ളികളഞ്ഞതായാണ് ഡൽഹി തെരഞ്ഞെടുപ്പ് ഫലം. സീറ്റുകൾ വർധിപ്പിച്ചെങ്കിലും അവകാശവാദങ്ങൾക്ക് അടുത്തെങ്ങുമെത്താൻ ബി.ജെ.പി നേതൃത്വത്തിന് സാധിച്ചില്ലെന്നതും വസ്തുതയാണ്. അതേ സമയം രാജ്യത്ത് ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ എല്ലാം ബിജെപിയ്ക്ക് അത്ര എളുപ്പമായിരിക്കില്ലെന്നാണ് ഡൽഹി തെരഞ്ഞെടുപ്പ് കാണിച്ചു തരുന്നത്.