play-sharp-fill
ദീപ നിശാന്തിന്റെ കവിതാ മോഷണം : പ്രിൻസിപ്പൽ യുജിസിക്ക് റിപ്പോർട്ട് സമർപ്പിച്ചു

ദീപ നിശാന്തിന്റെ കവിതാ മോഷണം : പ്രിൻസിപ്പൽ യുജിസിക്ക് റിപ്പോർട്ട് സമർപ്പിച്ചു

സ്വന്തംലേഖകൻ

 

തൃശൂർ: തൃശൂർ കേരള വർമ്മ കോളജിലെ അധ്യാപികയായ ദീപ നിശാന്തിന്റെ കവിതാ മോഷണ വിവാദത്തിൽ പ്രിൻസിപ്പൽ യുജിസിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കവിത മോഷണത്തെ കുറിച്ച് കോളേജ് തലത്തിൽ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലന്ന് പ്രിൻസിപ്പൽ അറിയിച്ചു. ആരിൽ നിന്നും പരാതി ലഭിക്കാത്തതിനാലാണ് ഇതെന്നും യുജിസിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കവിത മോഷണവിവാദത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നേരത്തെ യുജിസി നിർദേശിച്ചിരുന്നു. സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് എല്ലാവരിൽ നിന്ന് അഭിപ്രായം തേടിയ ശേഷമാണ് പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുജിസി ദിപ നിശാന്തിൽ നിന്ന് നേരിട്ട് വിശദീകരണം തേടുമെന്നാണ് സൂചന. യുവകവി എസ് കലേഷിൻറെ കവിത മോഷ്ടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചെന്ന ആരോപണത്തിൽ നേരത്തെ ദീപാ നിശാന്തിനെതിരെ കോളജ് പ്രിൻസിപ്പലിന്റെ അന്വേഷണ റിപ്പോർട്ട് കൊച്ചിൻ ദേവസ്വം ബോർഡിന് കൈമാറിയിരുന്നു. അധ്യാപക സംഘടനയായ ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ജേണലിൽ ദീപ നിശാന്ത് പ്രസിദ്ധീകരിച്ച കവിതയാണ് വിവാദ വിഷയമായത്. യുവകവി എസ് കലേഷിൻറെ ‘അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാൻ/നീ ‘ എന്ന കവിതയാണ് ചില്ലറ വ്യത്യാസങ്ങളോടെ ദീപാ നിശാന്ത് പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായപ്പോൾ ആദ്യം തൻറെ തന്നെ കവിതയാണെന്ന അവകാശവാദവുമായി ദീപ രംഗത്തെത്തിയിരുന്നു. പിന്നീട് എം ജെ ശ്രീചിത്രൻ തൻറെ പേരിൽ പ്രസിദ്ധീകരിക്കാൻ തന്നതാണെന്ന കുറ്റസമ്മതവും ദീപ നടത്തിയിരുന്നു. കവിത മോഷണ ആരോപണത്തെ തുടർന്നുണ്ടായ വിവാദങ്ങൾ കോളജിന്റെ അന്തസിനെ ബാധിച്ചതായി വിമർശനം ഉയർന്നിരുന്നു.