ഒരു അധ്യാപികയ്ക്കും ഈ ഗതി ഉണ്ടാകരുത്: ഈ സ്ത്രീ അധ്യാപികയാകാൻ പോലും യോഗ്യയല്ല; ദീപാ നിശാന്തിനെ നാണം കെടുത്തി ടി.പത്മനാഭന്റെ പ്രതികരണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒരു അധ്യാപികയ്ക്കും ഈ ഗതി ഉണ്ടാകരുതെന്നേ പറയാൻ സാധിക്കൂ. കവിതാ മോഷണ വിവാദത്തിൽ കുരുങ്ങിയ ദീപാ നിഷാന്തിന്റെ വിദ്യാഭ്യാസം അടക്കം ചോദ്യം ചെയ്യപ്പെടുമ്പോഴാണ് ഇവരെ കൂടുതൽ കുരുക്കിലാക്കി സാഹിത്യകാരൻ ടി.പത്മനാഭന്റെ പ്രതികരണം എത്തിയിരിക്കുന്നത്. ‘കവിത മോഷ്ടിച്ച വാർത്ത കേട്ട് ദുഃഖം തോന്നി. ഇവർക്ക് കുട്ടികളെ പഠിപ്പിക്കാൻ അർഹതയുണ്ടോ’യെന്ന് ടി.പത്മനാഭൻ ചോദിച്ചതാണ് ഇപ്പോൾ ചൂടേറിയ ചർച്ചാ വിഷയമായി മാറുന്നത്. ബാലാമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയിലാണ് ഇങ്ങനെ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ നടത്തിയ വിദ്യാഭ്യാസ മഹോത്സവ വേദിയിൽ വച്ചാണ് ടി.പത്മനാഭൻ ദീപ നിശാന്തിനെതിരെ പ്രതികരിച്ചത്. കവിതാ മോഷണം സംബന്ധിച്ച് സമൂഹ മാധ്യമത്തിലടക്കം വലിയ വിവാദത്തിനും ചർച്ചകൾക്കും വഴിവെച്ചിരുന്നു. സാഹിത്യ ലോകത്തെ പലരും സംഭവത്തിൽ ദീപയ്ക്കെതിരെ സമൂഹ മാധ്യമത്തിലടക്കം നീരസവും പ്രകടിപ്പിച്ചിരുന്നു. അദ്ധ്യാപക സംഘടന പുറത്തിറക്കിയ മാസികയിലാണ് ദീപാ നിശാന്തിന്റെ പേരിൽ കലേഷിന്റെ കവിത പ്രസിദ്ധീകരിച്ചത്.
നേരത്തെ, ഈ വിഷയത്തിൽ ദീപ കലേഷിനോട് മാപ്പ് പറഞ്ഞിരുന്നു. സ്വന്തം കവിത എന്ന് തെറ്റിദ്ധരിപ്പിച്ച് സർവ്വീസ് മാഗസിനിൽ പ്രസിദ്ധീകരിക്കാൻ തനിക്ക് കവിത തന്നത് പ്രഭാഷകൻ എം ജെ ശ്രീചിത്രൻ ആണെന്നും ദീപ പറയുകയുണ്ടായി. എന്നാൽ, കവിതയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്റെ പേര് വലിച്ചിഴക്കുന്നതിനെതിരെ പ്രതികരിച്ച് സാമൂഹ്യനിരീക്ഷകൻ എം.ജെ ശ്രീചിത്രൻ രംഗത്തെത്തിയിരുന്നു.
കലേഷിന്റെ കവിത ദീപാ നിശാന്തിന് നൽകേണ്ട ആവശ്യം തനിക്കില്ലെന്ന് ശ്രീചിത്രൻ പറഞ്ഞിരുന്നു. ‘ദീപ നിശാന്ത് ഒരു മലയാളം അദ്ധ്യാപികയാണ്. അവർക്ക് കവിത എഴുതിക്കൊടുക്കേണ്ട ആവശ്യം തനിക്കില്ല. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളിൽ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളും ഇതിന്റെ തുടർച്ചയാണെന്ന് കരുതുന്നു.
ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെ’ന്നുമാണ് ശ്രീചിത്രൻ അന്ന് വ്യക്തമാക്കിയത്. അതേസമയം, ദീപാ നിശാന്ത് അയച്ചത് പ്രകാരമാണ് തങ്ങളുടെ ജേർണലിൽ കവിത പ്രസിദ്ധീകരിച്ചതെന്ന് അദ്ധ്യാപക സംഘടനയുടെ പ്രതിനിധികൾ ഒരു മാധ്യമത്തോട് സ്ഥിരീകരിച്ചിരുന്നു.