അപകടത്തിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു: ഒരു വർഷത്തിനിടയിൽ അപകടത്തിൽ മരിച്ചത്  മൂന്നാമത്തെ പൊലീസ് ഉദ്യോഗസ്ഥർ; പൊലീസുകാർക്കിടയിൽ അപകടം തുടർക്കഥയാകുന്നു

അപകടത്തിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു: ഒരു വർഷത്തിനിടയിൽ അപകടത്തിൽ മരിച്ചത് മൂന്നാമത്തെ പൊലീസ് ഉദ്യോഗസ്ഥർ; പൊലീസുകാർക്കിടയിൽ അപകടം തുടർക്കഥയാകുന്നു

ശ്രീകുമാർ

പള്ളിക്കത്തോട്: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് രണ്ടു ദിവസമായി ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു. പള്ളിക്കത്തോടെ പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പാമ്പാടി ചേന്നമ്പള്ളിൽ അനൂപ് കുര്യാക്കോസാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച എരുമേലി കാളകെട്ടിയിൽവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് അനൂപ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അനൂപിന്റെ മരണം സംഭവിച്ചത്.
കാളകെട്ടിയിൽ സ്വകാര്യ ആവശ്യത്തിനായാണ് അനൂപ് പോയത്. ഇതിനിടെയാണ് എതിർ ദിശയിൽ നിന്നു വന്ന കാർ അനൂപിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ അനൂപിനെ ഓടിക്കൂടിയ നാട്ടുകാരും പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അനൂപ് അന്ന് മുതൽ അബോധാവസ്ഥയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. മൃതദഹേം പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം പിന്നീട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ അപകടത്തിൽ മരിച്ച മൂന്നാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് അനൂപ്. നേരത്തെ നാഗമ്പടത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനായ അജേഷ് മരിച്ചിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ജൻസി ശാസ്ത്രി റോഡിൽ ബൈക്കിൽ ബസിടിച്ച് മരിച്ചിരുന്നു. ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി രാത്രി പട്രോളിംഗ് ഡ്യൂട്ടിയ്ക്ക് ശേഷം വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റിരുന്നു. നീണ്ടൂർ ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്ക് ബൈക്കിടിച്ച് സാരമായി പരിക്കേറ്റിരുന്നു. വനിതാ സിവിൽ പൊലീസ് ഓഫിസർ നിസ പെട്രോളിംഗ് ഡ്യൂട്ടിയ്ക്ക് ശേഷം വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ ബൈക്ക് മറിഞ്ഞ് കൈ വിരലിനു പരിക്കേറ്റിരുന്നു. കൈ വിരൽ പകുതി മുറിച്ച് മാറ്റണ്ടി വന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലാ പൊലീസിന് ദുരന്തങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ് കടന്നു പോയിരിക്കുന്നത്.