സിദ്ധാർഥന്റെ മരണം; അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണർ ; അന്വേഷണ ചുമതല ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിന് ; മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശം; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം അന്വേഷിക്കും

സിദ്ധാർഥന്റെ മരണം; അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണർ ; അന്വേഷണ ചുമതല ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിന് ; മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശം; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം അന്വേഷിക്കും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലറുടെ അധികാരമുപയോ​ഗിച്ചു ​ഗവർണർ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം

ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. മുന്‍ വയനാട് ഡിവൈഎസ്പി വിജി കുഞ്ഞന്‍ സഹായിക്കും. വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം അന്വേഷിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിവിഎസ്‌സി രണ്ടാം വർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളജിൽവെച്ച് സിദ്ധാർഥന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നു ദിവസം ഭക്ഷണംപോലും നൽകാതെ തുടർച്ചയായി മർദിച്ചെന്നും ആരോപണമുണ്ടായിരുന്നു.

സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം വഴിമുട്ടിയെന്ന് പിതാവ് ജയപ്രകാശ് നേരത്തെ ആരോപിച്ചിരുന്നു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കേരള പൊലീസ് അന്വേഷണം നിർത്തി. സിബിഐ ഇതുവരെ എത്തിയിട്ടുമില്ലെന്ന് ജയപ്രകാശ് ചൂണ്ടിക്കാട്ടി. പ്രതികളെ രക്ഷിക്കാൻ ഉന്നത ശ്രമം നടന്നതായും ജയപ്രകാശ് പറഞ്ഞു.

താൻ ചതിക്കപ്പെട്ടോയെന്ന് സംശയമുണ്ട്. എല്ലാവരും ഇതിനെതിരെ രംഗത്തുവന്നപ്പോൾ പെട്ടെന്ന് അതിന് തടയിടേണ്ട ആവശ്യം മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നു. താൻ മണ്ടനായിപ്പോയി. തന്റെയും കുടുംബത്തിന്റെയും വായ അടച്ചുവച്ചു. എല്ലാ നടക്കുമെന്ന് താനും ധരിച്ചു. ഒരാഴ്ച അവർക്ക് മതിയായിരുന്നു. അതിനിടെ തെളിവുകൾ എല്ലാം നശിപ്പിച്ചെന്നും ജയപ്രകാശ് പറഞ്ഞു.

ഇനി മുഖ്യമന്ത്രിയെ കാണുന്ന കാര്യം ഇപ്പോൾ ആലോചനയിലില്ല. അദ്ദേഹം നൽകിയ ഉറപ്പുകൾ വിശ്വസിച്ചാണ് അന്ന് താൻ അവിടെ നിന്ന് ഇറങ്ങിപ്പോന്നത്. അതിനുശേഷം ഇതുവരെയും ഒന്നും ഉണ്ടായിട്ടില്ല. ഇനി ഒരിക്കലും അവിടേക്ക് പോകില്ലെന്ന് പറയുന്നില്ല. പക്ഷേ, അവിടേക്കു പോകുന്ന കാര്യം ഇപ്പോൾ ആലോചിക്കുന്നില്ല. അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിനു മുന്നിൽ സമരമിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.