സ്വന്തം ലേഖകൻ
കോട്ടയം: കുമാരനല്ലൂർ മേൽപ്പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അൻപതിനോടടുത്ത് പ്രായം തോന്നുന്നയാളെയാണ് ഞായറാഴ്ച രാവിലെ 11.30 ഓടെ റെയിൽവേട്രാക്കിന്റെ തെക്കുവശത്തായി നെഞ്ചിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ട്രെയിൻ തട്ടി തന്നെയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇയാളെ ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാളുടെ കയ്യിൽ പഴ്‌സോ, മൊബൈൽ ഫോണോ പണമോ കണ്ടെത്താനും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ഞായറാഴ്ച രാവിലെ 11.30 ന് പാളത്തിനോടു ചേർന്നു കമന്നു കിടക്കുന്ന നിലയിൽ മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് ഇവർ വിവരം ഗാന്ധിനഗർ പൊലീസിനെ അറിയിച്ചു. സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന്റെ നെഞ്ചിൽ ഇടത് വശത്ത് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ട്രെയിൻ വേഗം കുറച്ചപ്പോൾ ചാടിക്കയറാൻ നോക്കിയപ്പോൾ അപകടമുണ്ടായി മരിച്ചതാവാമെന്നാണ് സംശയിക്കുന്നത്. സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിന്നും ഏറെ മാറിയാണ് മൃതദേഹം കിടക്കുന്നതും. മരിച്ചയാൾ അപകടത്തിൽപ്പെടുന്നതിനു തൊട്ടുമുൻപ് റെയിൽവേ ട്രാക്കിലേയ്ക്ക് പ്രവേശിക്കുന്നത് കണ്ട ആളുകളുണ്ട്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.