സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ടൗണിലും കോടിമതയിലും മാരക പുകയില ഉൽപന്നമായ ഹാൻസ് വില്പന നടത്തിയിരുന്ന ഹരിയാന സ്വദേശി ദേവേന്ദർ സിങ്ങിനെ (40) കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.വൈ. ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
മൂലേടത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഇയാളിൽ നിന്നും 20 കിലോ ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തു. വിപണിയിൽ മൂന്ന് ലക്ഷം രൂപ വില വരും. ഇയാളെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് കോട്ടയം ടൗണിലും കോടിമത ഭാഗത്തും മഫ്തിയിൽ നിരീക്ഷണം നടത്തിവരുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതരസംസ്ഥാനക്കാർ താമസിക്കുന്ന കോളനികളിലും ലേബർ ക്യാമ്പുകളിലും നടത്തിയ റെയ്ഡിനെ തുടർന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. കോട്ടയം ടൗണിലുള്ള പാൻ ഷോപ്പിൽ ആവശ്യക്കാരായി എത്തിയ എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്നും ചെറിയ വിലയിൽ പുകയില ഉല്പന്നങ്ങൾ വാങ്ങി വൻ ലാഭത്തിന് കോട്ടയം ടൗണിൽ വിൽപ്പന നടത്തി വരുകയായിരുന്നു.
റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ റ്റി. സബിൻ, പ്രിവന്റീവ് ഓഫീസർമാരായ ആർ.കെ.രാജീവ്, ഡി. മനോജ് കുമാർ, സി. കണ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് കെ. നാണു, എസ്. ശ്യാംകുമാർ, ലാലു തങ്കച്ചൻ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ജി.അമ്പിളി, പി.വി. സോണിയ എന്നിവർ പങ്കെടുത്തു.