നീണ്ടൂർ തോട്ടിൽ യുവാവിന്റെ മൃതദേഹം: ദുരൂഹത സംശയിക്കുന്നതായി പൊലീസ്; ആളെ ഇനിയും തിരിച്ചറിഞ്ഞില്ല
സ്വന്തം ലേഖകൻ
നീണ്ടൂർ: നീണ്ടൂർ മുടക്കാലിയിൽ തോട്ടിൽ അജ്ഞാത മൃതദേഹം. കനത്ത ഒഴുക്കിൽ ഒഴുകി വന്ന മൃതദേഹം കണ്ട് നാട്ടുകാരാണ് വിവരം പൊലീസിലും ഫയർഫോഴ്‌സിലും അറിയിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് നാട്ടുകാരും പ്രദേശത്ത് തടിച്ചു കൂടിയിട്ടുണ്ട്. മഴയിൽ തോട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
ഇതിനിടെ വെള്ളത്തിലൂടെ എന്തോ ഒഴുകി വരുന്നത് ഇവിടെ ചൂണ്ടയിട്ടിരുന്നവരാണ് കണ്ടെത്തിയത്. തുടർന്നു ഇവർ വിവരം നാട്ടുകാരെയും സമീപപ്രദേശത്തുള്ളവരെയും അറിയിച്ചു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും സ്ഥലത്ത് എത്തി. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു വള്ളത്തിൽ കുടുക്കിട്ട് മൃതദേഹം കരയിൽ എത്തിച്ചു. 45 വയസു പ്രായമുള്ളയാളുടേതാണ് മൃതദേഹമെന്നു സംശയിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹത്തിനു ഒരു ദിവസത്തിലേറെ പഴക്കമുണ്ടെന്നു പൊലീസ് പറഞ്ഞു. ശരീരത്തിന്റെ പല ഭാഗങ്ങളിൽ മുറിവുണ്ടായിട്ടുണ്ട്. ഇത് വെള്ളത്തിൽ കിടന്ന് മീൻ കൊത്തി ഉണ്ടായതാണോ എന്ന് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത ഏറ്റുമാനൂർ പൊലീസ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിന്റെ ദുരൂഹത മാറ്റാൻ സാധിക്കൂ. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നു കാണാതായവരുടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്.