
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: സൗദി അറേബ്യയിൽ നിന്ന് ആളുമാറി കോന്നിയിൽ എത്തിച്ച ശ്രീലങ്കൻ വനിതയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറി മുറ്റത്തെ പൊള്ളുന്ന വെയിലിൽ അനാഥമാക്കി കിടത്തിയത് ഒന്നരമണിക്കൂർ. ശീതീകരണ സംവിധാനം പോലുമില്ലാത്ത ആംബുലൻസിൽ നിന്ന് നടപടിക്രമം പൂർത്തിയാക്കിമൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റുമ്പോഴേയ്ക്കും ദുർഗന്ധവും വമിച്ചു തുടങ്ങിയിരുന്നു.
നടപടിക്രമങ്ങളുടെ പേരിൽ മൃതദേഹത്തോട് അനാദരവ് കാട്ടിയതിനെതിരെ പ്രതിഷേധം ഉയരുകയാണ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
.
സൗദിയിൽ മരിച്ച കോന്നി സ്വദേശി റഫീഖിന്റെ മൃതദേഹത്തിന് പകരം ശീലങ്കൻ വനിതയുടെ മൃതദേഹമാണ് ലഭിച്ചതെന്ന് ജുമാസ്ജിദിലെ കബർ സ്ഥാനിൽവച്ചാണ് വീട്ടുകാർ അറിയുന്നത്. ഇതോടെ കളക്ടറും തഹസിൽദാറും ഇടപെട്ട് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റാൻ നിർദേശിച്ചു. പിതാവ് അബ്ദുൾ റസാഖ്, ഭാര്യാപിതാവ് ഉദുമാൻ, അർദ്ധസഹോദരൻ ജമാലുദ്ദീൻ, കോന്നി സ്റ്റേഷനിലെ പൊലീസുകാരൻ എന്നിവർ മൃതദേഹവുമായി 12.55ന് മോർച്ചറിയിലെത്തിയെങ്കിലും നടപടിക്രമം തടസമായി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്ന മൃതദേഹങ്ങൾ മാത്രമേ അവിടുത്തെ മോർച്ചറിയിൽ സൂക്ഷിക്കൂയെന്ന് അധികൃതർ നിലപാടെടുത്തു. രേഖകളില്ലാത്ത മൃതദേഹം സൂക്ഷിക്കാനാവില്ലെന്ന് പറഞ്ഞതോടെ ബന്ധുക്കൾ കുഴങ്ങി. റഫീഖിന്റെ മരണത്തിന്റെ വേദനയിലും ഉറ്റവർ മെഡിക്കൽ കോളേജ് അധികൃതരുടെ കനിവിനായി ഓഫീസുകൾ കയറി ഇറങ്ങി.
ഈ സമയമത്രയും മോർച്ചറി മുറ്റത്തെ ആംബുലൻസിലെ വലിയശവപ്പെട്ടിക്കുള്ളിൽ ശ്രീലങ്കൻ യുവതിയുടെ മൃതദേഹം അനാഥമായി കിടന്നു. കനത്ത വെയിലിൽ ആംബൻസിനുൾവശവും പൊള്ളിത്തുടങ്ങിയതോടെ ദുർഗന്ധം വമിച്ചു തുടങ്ങി. ഒടുവിൽ പത്തനംതിട്ട കോട്ടയം കളക്ടർമാർ ഇടപെട്ടതോടെ മൂന്ന് ദിവസത്തേയ്ക്ക് മൃതദേഹം സൂക്ഷിക്കാൻ സൂപ്രണ്ട് അനുമതി നൽകി. അനുമതി പത്രവും വാങ്ങി മോർച്ചറി മുറ്റത്തെത്തുമ്പോഴേയ്ക്കും സമയം 2.30 ആയിരുന്നു. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റിയെങ്കിലും വിദേശത്ത് നിന്ന് കൊണ്ടുവന്ന പേടകം സൂക്ഷിക്കാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചു. തർക്കത്തിനൊടുവിൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.