ഡി.സി ബുക്ക്‌സിന്റെ പുസ്തകങ്ങൾ ഫെയ്‌സ്ബുക്കിൽ: ഇടുക്കി സ്വദേശിയെ പിടികൂടിയത് സൈബർ സെൽ സഹായത്തോടെ
സ്വന്തം ലേഖകൻ
കോട്ടയം: പുസ്തകങ്ങളുടെ പിഡിഎഫ് കോപ്പികൾ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്ത് വ്യാപകമായി പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്റർനെറ്റിലെ വിവിധ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത പിഡിഎഫ് കോപ്പികളാണ് ഇയാൾ ഫെയ്‌സ്ബുക്ക് പേജിൽ അപ് ലോഡ് ചെയ്ത് പ്രചരിപ്പിച്ചത്. പുസ്തകങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നതായി ഡിസി ബുക്ക്‌സ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ഉപ്പുതോട് രാജമുടി പതിനാറാംകണ്ടം ഭാഗത്ത് കുട്ടനാൽ വീട്ടിൽ അമൽ കെ.തങ്കച്ചനെ (28)യാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘ്ം അറസ്റ്റ് ചെയ്തത്.
ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്ന വിവിധ പുസ്തകങ്ങളുടെ പകർപ്പുകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് ഡിസിബുക്ക്‌സ് മാനേജ്‌മെന്റ് പൊലീസിൽ പരാതി നൽകിയത്. ഡിസി ബുക്ക് പ്രസിദ്ധീകരിച്ചിരുന്ന തേൻ, അടയാളങ്ങൾ, ഖസാക്കിന്റെ ഇതിഹാസം, നിർമ്മാതളം പൂത്തകാലം എന്നീ പുസ്തകങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതായാണ് പരാതി ഉയർന്നിരുന്നത്.
പി.ഡി.എഫ് ലൈബ്രറി മലയാളം എന്ന ഫെയ്‌സ്ബുക്ക് പേജിൽ ഇയാൾ പ്രസിദ്ധീകരിക്കുകയായിരുന്നു. ഈ ഗ്രൂപ്പിന്റെ അഡ്മിൻ കൂടിയായ അമലിനെ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
സോഷ്യൽ മീഡിയയിലെ വിവിധ ഗ്രൂപ്പുകളിൽ നിന്നാണ് തനിക്ക് ഈ പുസ്തകങ്ങളുടെ പിഡിഎഫ് പകർപ്പ് ലഭിച്ചതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. ഇത്തരത്തിൽ ഈ ഗ്രൂപ്പുകളിൽ പകർപ്പ് പ്രസിദ്ധീകരിച്ചത് ആരാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡി.സി ബുക്ക്‌സിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കോടതിയിൽ പ്രതിയെ ഹാജരാക്കി.