ധനുഷിന്റെ സംവിധാനത്തിൽ പുതിയ ചലച്ചിത്രം ‘ഇഡ്ഡലി കടൈ’.
ബോക്സ് ഓഫീസില്‍ വൻ വിജയം കൊയ്ത ‘രായൻ’ എന്ന ചിത്രത്തിന് ശേഷം വീണ്ടും സംവിധായന്റെ വേഷമണിയാൻ ഒരുങ്ങി നടൻ ധനുഷ്.പുതിയ ചിത്രമായ ‘ഇഡ്ഡലി കടൈ’യുടെ പോസ്റ്റർ ധനുഷ് തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും താരം തന്നെയാണ്. ധനുഷിന്റെ കരിയറിലെ 52-ാമത് ചിത്രമാണിത്.
‘ഓം നമഃശിവായ’ എന്ന കുറിപ്പോട് കൂടിയാണ് ധനുഷ് ചിത്രത്തിന്റെ കണ്‍സെപ്റ്റ് പോസ്റ്റർ പുറത്ത് വിട്ടത്. വണ്ടർബാർ ഫിലിംസ്, ഡൗണ്‍ പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡൗണ്‍ പിക്‌ചേഴ്‌സ് ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണ് ‘ഇഡ്ഡ്ലി കടൈ’. ധനുഷിന് പുറമെ ചിത്രത്തില്‍ ആരൊക്കെ അണിനിരക്കുന്നുണ്ടെന്ന വിവരം പുറത്ത് വിട്ടിട്ടില്ല. എന്നാല്‍, നിത്യ മേനോൻ, അശോക് സെല്‍വൻ, അരുണ്‍ വിജയ് എന്നിവർ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകള്‍. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
‘ഇഡ്ഡലി കടൈ’യുടെ സംഗീതം ഒരുക്കുന്നത് ജി വി പ്രകാശാണ്. ധനുഷ് സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിലും എഡിറ്റർ ആയി പ്രവർത്തിച്ച പ്രസന്ന ജി കെ തന്നെയാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിക്കുന്നത്. കിരണ്‍ കൗശിക്കാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതെ സമയം, ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് ‘ഇഡ്ഡലി കടൈ’. ‘പാ പാണ്ടി, രായൻ, നിലാവ്ക്ക് എൻമേല്‍ എന്നടി കോപം, എന്നീ ചിത്രങ്ങളാണ് ധനുഷ് ഇതിന് മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ‘നിലാവ്ക്ക് എൻമേല്‍ എന്നടി കോപം’ ഉടൻ തീയേറ്ററുകളില്‍ എത്തും. അണിയറയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന റൊമാന്റിക്-കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ മാത്യു തോമസ്, അനിഖ സുരേന്ദ്രൻ, പ്രിയ വാരിയർ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വണ്ടർബാർ ഫിലിംസ്, ആർകെ പ്രൊഡക്ഷൻസ് ലിമിറ്റഡ് എന്നിവരുടെ ബാനറില്‍ ധനുഷ്, കസ്തൂരി രാജ, വിജയലക്ഷ്മി കസ്തൂരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രജന നിർവഹിക്കുന്നതും ധനുഷ് തന്നെയാണ്.
ധനുഷിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രമായ ‘രായൻ’ ബോക്സ് ഓഫീസില്‍ വലിയ വിജയം കൊയ്തിരുന്നു. ചിത്രം ആഗോള കളക്ഷനില്‍ 160 കോടി നേടിയെന്നാണ് റിപ്പോർട്ടുകള്‍. ധനുഷിന് പുറമെ ചിത്രത്തില്‍ സന്ദീപ് കിഷൻ, കാളിദാസ് ജയറാം, ദുഷാര വിജയൻ, അപർണ ബാലമുരളി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.