play-sharp-fill
ഏഴ് പതിറ്റാണ്ടുകള്‍ നീണ്ട നൃത്തസപര്യ ;  നൃത്ത ലോകത്തെ വിസ്മയങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച അധ്യാപിക ; കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ; നർത്തകി ഭവാനി ചെല്ലപ്പൻ്റെ സംസ്കാരം ഞായറാഴ്ച

ഏഴ് പതിറ്റാണ്ടുകള്‍ നീണ്ട നൃത്തസപര്യ ;  നൃത്ത ലോകത്തെ വിസ്മയങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച അധ്യാപിക ; കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ; നർത്തകി ഭവാനി ചെല്ലപ്പൻ്റെ സംസ്കാരം ഞായറാഴ്ച

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര ആസാദ്‌ ലെയ്നിൽ ശങ്കരമംഗലം വീട്ടിൽ പരേതനായ ഡാൻസർ ചെല്ലപ്പന്റെ (ഭാരതീയ നൃത്തകലാലയം) ഭാര്യ പ്രശസ്ത നർത്തകി ഭവാനി ദേവി (98) അന്തരിച്ചു. ഭൗതിക ശരീരം നാളെ (10/2/2024 ശനി) വൈകുന്നേരം 5 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതും ഞായറാഴ്ച (11/2/2024) ഉച്ചക്ക് ശേഷം 3 മണിക്ക് മുട്ടമ്പലം എൻ. എസ്‌. എസ്‌ ശ്മശാനത്തിൽ സംസ്കരിക്കുന്നതുമാണ്.

ഗുരു ഗോപിനാഥിന്റെ ശിഷ്യയും കോട്ടയത്തെ ഭാരതീയ നൃത്തകലാലയം എന്ന നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടറുമായിരുന്ന അവര്‍ നൃത്ത ലോകത്തെ വിസ്മയങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. 1952-ല്‍ ആരംഭിച്ച വിദ്യാലയത്തില്‍ സിനിമാ-സീരിയല്‍ താരങ്ങളടക്കം നിരവധി പേരാണ് നൃത്തം അഭ്യസിച്ച് പഠിച്ചിറങ്ങിയത്. ഗുരു ഗോപിനാഥിന്റെ നിര്‍ദേശപ്രകാരമാണ് കോട്ടയത്ത് നൃത്ത വിദ്യാലയം ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

13-ാം വയസിലാണ് ആദ്യമായി ഭവാനി ചിലങ്കയണിയുന്നത്. ഏഴ് പതിറ്റാണ്ടുകള്‍ നീണ്ടതായിരുന്നു അവരുടെ നൃത്തസപര്യ. നൃത്തവേദിയില്‍ നിന്നാണ് അവര്‍ ജീവിതപങ്കാളി ചെല്ലപ്പനെ കണ്ടെത്തിയത്. പിന്നീട് അവര്‍ ഒരുമിച്ച് നിരവധി വേദികള്‍ പങ്കിട്ടു.

അക്കാലത്ത് ഏറെ സജീവമായിരുന്ന ബാലെ എന്ന കലാരൂപത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ ഈ ദമ്പതികള്‍ നിര്‍ണായക പങ്ക് വഹിച്ചു. കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട്.