Spread the love

കൊച്ചി: വര്‍ഷം ശരാശരി രണ്ട് കസ്റ്റഡി മരണം നടക്കുന്ന സംസ്ഥാനത്ത് ഇതുസംബന്ധിച്ച് നിയമപ്രകാരം നല്‍കേണ്ട വിവരം നല്‍കാന്‍ ആഭ്യന്തര വകുപ്പിന് മടി. സംസ്ഥാനത്ത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 17 കസ്റ്റഡി മരണങ്ങളുണ്ടായെന്നാണ് കണക്ക്. ഇതില്‍ 11 എണ്ണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ആറെണ്ണം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും. 16 പേര്‍ പോലീസ് കസ്റ്റഡിയിലിരിക്കേയും ഒരാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കേയുമാണ് മരിച്ചത്.

video
play-sharp-fill

കസ്റ്റഡി മര്‍ദനവും മരണവുമൊന്നും മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നും അതിനാല്‍ ഇത്തരം വിവരം നല്‍കാനാകില്ലെന്നുമാണ് വിവരാവകാശ അപേക്ഷയില്‍ കേരള പോലീസിന്റെ മറുപടി. കേന്ദ്ര സുരക്ഷാ ഏജന്‍സികളടക്കം, മനുഷ്യാവകാശ ലംഘനവും അഴിമതിയും സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് വിവരാവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കേയാണ് ഈ വിവരനിഷേധം.

കസ്റ്റഡിപീഡനവും മരണവും അംഗീകരിക്കാനാകില്ലെന്നും ഇത് രാജ്യത്തിന് കളങ്കമാണെന്നും കഴിഞ്ഞദിവസം സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോസിക്യൂഷന്‍ മുന്‍ ഡയറക്ടര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ ടി. ആസഫലിയാണ് കസ്റ്റഡി മര്‍ദനത്തിന്റെ വിവരം തേടിയത്. പോലീസ് നിലപാട് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. വിവരം നിഷേധിച്ചതിനെതിരേ നല്‍കിയ പരാതി ഇപ്പോള്‍ വിവരാവകാശ കമ്മിഷന്റെ പരിഗണനയിലാണ്.

വിവരാവകാശ നിയമം 24(4) പ്രകാരം കസ്റ്റഡിമര്‍ദനം അടക്കമുള്ള അതിക്രമവുമായി ബന്ധപ്പെട്ട വിവരം നല്‍കാന്‍ പോലീസ് ബാധ്യസ്ഥരാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവന്‍, സ്വാതന്ത്ര്യം, തുല്യത, അന്തസ്സ് എന്നിവ ലംഘിക്കുന്ന എന്തും മനുഷ്യാവകാശ ലംഘനമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.