
സന്തോഷത്തിന്റെ സംഗീത രാവിൽ അപ്രതീക്ഷിത ദുരന്തം ; മരിച്ച നാല് പേരേയും തിരിച്ചറിഞ്ഞു; കൂത്താട്ടുകുളം, വടക്കൻ പറവൂർ, താമരശ്ശേരി സ്വദേശികൾ; ഒരാൾ ഇതര സംസ്ഥാന വിദ്യാർഥി; 64 പേർക്ക് പരുക്ക്; തൃശൂർ മെഡിക്കൽ കേളജിൽ നിന്ന് കൂടുതൽ ഡോക്ടേഴ്‌സ് കളമശേരിയിലേക്ക് ; 500 വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളുന്ന ഓഡിറ്റോറിയം; മഴ വന്നതോടെകൂടുതൽ കൂടുതൽ പേർ കൂടി ഇരച്ചുകയറി ; ദുരന്തം അന്വേഷിക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും സർവ്വകലാശാലാ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും നിർദ്ദേശം നൽകി
സ്വന്തം ലേഖകൻ
കൊച്ചി: സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാർഥികളേയും തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ സ്വദേശി ആൻ ഡ്രിഫ്റ്റ, താമരശ്ശേരി സ്വദേശി സാറ തോമസ്, ഇതര സംസ്ഥാനത്തു നിന്നു പഠിക്കാനെത്തിയ ജിതേന്ദ്ര ദാമു എന്നിവരാണ് മരിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നാല് പേരുടേയും മരണം സംഭവിച്ചിരുന്നു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഗാന നിശയ്ക്കിടെ ഉണ്ടായ ദുരന്തം അന്വേഷിക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും സർവ്വകലാശാലാ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും നിർദ്ദേശം നൽകി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും അറുപതിലേറെ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുന്നതിനും ഇടയായതിനെപ്പറ്റി അടിയന്തിരമായി സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴയും ജന ബാഹുല്യവുമാണ് ദുരന്തത്തിലേക്ക് നയിച്ചത്. സന്തോഷത്തിന്റെ സംഗീത രാവിലാണ് അപ്രതീക്ഷിത ദുരന്തം. മരിച്ചവരെല്ലാം എൻജിനീയറിങ് വിദ്യാർഥികളാണ്.വിവിധ കോളജുകളിൽ നിന്നു വിദ്യാർഥികൾ പരിപാടിക്കായി എത്തിയിരുന്നു. ഓഡിറ്റോറിയത്തിൽ കൊള്ളാവുന്നതിലും അധികം പേർ പരിപാടിക്കായി തടിച്ചുകൂടിയിരുന്നു. എതെല്ലാം ക്യാംപസുകളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ ഉണ്ടായിരുന്നു എന്ന വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടില്ല.
4 വിദ്യാർഥികളുടെ നില ഗുരുതരം. 64 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 15 വിദ്യാർഥികൾ അത്യാഹിത വിഭാഗത്തിലും മറ്റുള്ളവർ നിരീക്ഷണത്തിലുമാണ്. കലക്ടർ സ്ഥിരീകരിച്ചു.ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ബോളിവുഡ് നായക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കിടെയാണ് അതിദാരുണ സംഭവം. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം.
പരിപാടിക്കിടെ മഴ പെയ്തതോടെ ഓഡിറ്റോറിയത്തിലേക്ക് ജനക്കൂട്ടം ഇരച്ചു കയറിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഓഡിറ്റോറിയത്തിനു ഒരു വാതിൽ മാത്രമേ ഉള്ളു. പടിക്കെട്ടുകളുമുണ്ട്. പടിക്കെട്ടിൽ വിദ്യാർഥികൾ വീണതോടെ അതിനു മുകളിൽ മറ്റു വിദ്യാർഥികളും വീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്.
ഗാനമേള നടക്കുന്നതിടെ വിദ്യാർഥികൾ നൃത്തം ചെയ്യുകയായിരുന്നു. അതിനിടെയാണ് മഴ പെയ്തത്. ഇതോടെ പുറത്തു നിന്നുള്ളവർ ഇരച്ചു കയറി.