play-sharp-fill
പൊലീസ് ചമഞ്ഞ് വ്യാപക തട്ടിപ്പ് ; തട്ടിപ്പിന് ഇരയാക്കിയത് പീഡനത്തിന് ഇരയായ പെൺകുട്ടിയെയും കുടുംബത്തെയും; പണം തട്ടിയെടുത്ത് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

പൊലീസ് ചമഞ്ഞ് വ്യാപക തട്ടിപ്പ് ; തട്ടിപ്പിന് ഇരയാക്കിയത് പീഡനത്തിന് ഇരയായ പെൺകുട്ടിയെയും കുടുംബത്തെയും; പണം തട്ടിയെടുത്ത് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ

കറുകച്ചാൽ : പോലീസ് ചമഞ്ഞ് പെൺകുട്ടിയുമായി കറങ്ങി നടക്കുകയും പണം തട്ടിപ്പ് നടത്തുകയും ചെയ്ത വിരുതനെ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള ആൻറി ഗുണ്ടാ സ്ക്വാഡ് പിടികൂടി.

കറുകച്ചാൽ, നെടുംകുന്നം, കറ്റുവെട്ടി ഭാഗത്ത്, ഈറയ്ക്കൽ വീട്ടിൽ, ടോബി തോമസി ( 28) നെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞവർഷം പോക്സോ കേസിൽ ഇരയായ പെൺകുട്ടിയുടെ വീട്ടിലെ ഫോൺ നമ്പർ ശേഖരിച്ച് പെൺകുട്ടിയുടെ അച്ഛനെ ഫോണിൽ വിളിച്ച് താൻ സൈബർ സെല്ലിലെ പോലീസുകാരൻ ആണെന്നും, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം പെൺകുട്ടിയുടെ പോക്സോ കേസ് അന്വേഷിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുകയാണ് എന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പലവട്ടം വീട്ടിലെത്തുകയും പെൺകുട്ടിയുടെ പഠനാവശ്യത്തിനായി എറണാകുളത്തും ആലപ്പുഴയിലും മറ്റു പല സ്ഥലങ്ങളിലും കൊണ്ടുപോവുകയും പെൺകുട്ടിയുടെ പഠനത്തിനുള്ള ഫീസ് കുട്ടിയുടെ അച്ഛൻറെ കയ്യിൽനിന്നും വാങ്ങിയശേഷം അത് അടയ്ക്കാതെ തട്ടിപ്പ് നടത്തുകയും ചെയ്തു വരികയായിരുന്നു.

പെൺകുട്ടിയെ കൗൺസലിങ്ങിന് ആലപ്പുഴയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ അമ്മയുമായി ചങ്ങനാശ്ശേരിയിൽ എത്തുകയും അവിടെവച്ച് അയാളുടെ സുഹൃത്തായ ഒരു വനിതയെ കൊണ്ട് ഫോൺ വിളിപ്പിച്ച് വനിതാപോലീസ് ആണെന്നും താൻ ആലപ്പുഴയിൽ ഉണ്ടെന്നും അമ്മ മടങ്ങിപ്പോകുവാൻ നിർദ്ദേശിക്കുകയും വൈകുന്നേരം പെൺകുട്ടിയെ ബസിൽ കയറ്റിവിട്ടു കൊള്ളാമെന്ന് പറഞ്ഞുമാണ് തട്ടിപ്പ് നടത്തിയത്. പെൺകുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി അതിലൂടെ അശ്ലീല ചിത്രങ്ങൾ ഇയാൾ മറ്റ് പലർക്കും അയക്കുകയുമുണ്ടായി.

ഇയാൾ നിരന്തരം ഭീഷണിയുമായി വന്നതോടെ പെൺകുട്ടിക്ക് ഇയാൾ പോലീസ് അല്ല എന്ന സംശയം തോന്നിയതിനെ തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി നൽകുകയായിരുന്നു.

ഈ പരാതി ആൻറി ഗുണ്ടാ സ്ക്വാഡിന് കൈമാറുകയും ഇയാൾ ഇന്ന് പുലർച്ചെ സ്ക്വാഡിന്റെ പിടിയിലാവുകയും ചെയ്തു.

കൂടുതൽ അന്വേഷണം നടത്തിയതിൽ ഇയാൾ നിരവധി പെൺകുട്ടികളെ പോലീസ് ചമഞ്ഞ് തട്ടിപ്പിന് ഇരയാക്കിയിട്ടുള്ളതും പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചതിൽ വിവിധ ജില്ലകളിലുള്ള ധാരാളം യുവതികൾ സമാനരീതിയിലുള്ള തട്ടിപ്പിന് ഇരയായിട്ടുള്ളതായി അറിയാൻ സാധിച്ചിട്ടുമുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കറുകച്ചാൽ എസ് ഐ രാജീവ്, ആന്റി ഗുണ്ടാ സ്ക്വാഡിലെ കെ. കെ. റെജി, അൻസാരി, അരുൺ, കോട്ടയം സൈബർ സെൽ ഉദ്യോഗസ്ഥനായ മുഹമ്മദ് ഷെബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തിയത്.