
ഓഹരി വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചതായ പരാതിയിൽ നിർമൽ ഇൻഫോപാർക്ക് എംഡിക്കെതിരെ പോലീസ് കേസ്
സ്വന്തം ലേഖകൻ
കൊച്ചി:കമ്പനിയിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചതായ പരാതിയിൽ കാക്കനാട് ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമൽ ഇൻഫോപാർക്ക് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഡോ. സ്റ്റീഫൻ പുതുമന, ചീഫ് ഫിനാൻസ് ഓഫീസർ ടി. സുനിൽകുമാർ എന്നിവർക്ക് പുറമേ കമ്പനിയിലെ മറ്റ് ഡയറക്ടർമാർക്കുമെതിരെ പോലീസ് കേസെടുത്തു. ബംഗലൂരു ആസ്ഥാനമായ ഐഎസ്ഡിസി പ്രോജക്ട്സ് എന്ന സ്ഥാപനം നൽകിയ പരാതിയിൽ കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഇൻഫോപാർക്ക് പോലീസാണ് ഐപിസി 420, 465, 468, 471, 406, 34 വകുപ്പുകൾ പ്രകാരം കേസെടുത്തത്.
നിർമൽ ഇൻഫോപാർക്ക് എംഡി ഡോ. സ്റ്റീഫൻ പുതുമന കമ്പനിയുടെ ഓഹരികൾ തങ്ങൾക്ക് വാഗ്ദാനം ചെയ്യുകയും തുടർന്ന് കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫീസറായ ടി. സുനിൽകുമാറിന്റെ നിർദ്ദേശം അനുസരിച്ച് 2018, 2019 വർഷങ്ങളിൽ നാല് തവണകളിലായി രണ്ട് കോടി മുപ്പത്തിയേഴ് ലക്ഷത്തിലധികം രൂപ കമ്പനിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും പരാതികാർ കോടതിയിൽ നൽകിയ പരാതിയിൽ ബോധിപ്പിച്ചു. 2019 സെപ്തംബറിൽ നിർമൽ ഇൻഫോപാർക്ക് അനുവദിച്ച ഓഹരികൾക്കുള്ള ഓഹരിപത്രം ഡോ. സ്റ്റീഫൻ പുതുമന പരാതിക്കാരായ ഐഎസ്ഡിസി എന്ന സ്ഥാപനത്തിന് നൽകിയെങ്കിലും അതിൽ രേഖപ്പെടുത്തിയിരുന്ന തീയതിയിൽ കണ്ടെത്തിയ പിശക് തിരുത്തുന്നതിനും പുതിയ ഓഹരി നൽകിയത് കമ്പനി രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യുന്നതിനുമായി ഓഹരിപത്രം തിരികെ കൈവശപ്പെടുത്തിയെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഓഹരിപത്രം നൽകാൻ തയ്യാറായിട്ടില്ലെന്നും പരാതിക്കാർ കോടതിയിൽ ബോധിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഹരിക്കായി സ്വീകരിച്ച തുക കണക്കുകളിൽ മൂലധനമായി കാണിക്കാതെയും ഓഹരിപത്രം തങ്ങൾക്ക് കൈമാറാതെയും അനധികൃതമായി ധനസമ്പാദനം ലക്ഷ്യമാക്കി നിർമൽ ഇൻഫോപാർക്ക് ബോധപൂർവം തങ്ങളെ കബളിപ്പിച്ചതായും ഐഎസ്ഡിസി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ നടപടി കൈകൊള്ളുന്നതിന് സിആർപിസി വകുപ്പ് 156 (3) പ്രകാരം കോടതി ഇൻഫോപാർക്ക് പോലീസിന് നിർദ്ദേശം നൽകിയത്.