video
play-sharp-fill
മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച്; വ്യാജ രേഖ ചമക്കലിനെതിരെ ഉടനെ കേസെടുക്കും, സി പി എം ജില്ലാ സെക്രട്ടറി ആനാവൂരിന്റെ ഫോണിലൂടെയുള‌ള മൊഴി മതിയെന്ന് അന്വേഷണ സംഘം.

മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച്; വ്യാജ രേഖ ചമക്കലിനെതിരെ ഉടനെ കേസെടുക്കും, സി പി എം ജില്ലാ സെക്രട്ടറി ആനാവൂരിന്റെ ഫോണിലൂടെയുള‌ള മൊഴി മതിയെന്ന് അന്വേഷണ സംഘം.

മേയർ ആര്യാ രാജേന്ദ്രൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ചതായി പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. വ്യാജരേഖ ചമച്ചതിന് സംഭവത്തിൽ കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇത് സംബന്ധിച്ച് എസ്.പി ഉടൻ ഡിജിപിയ്‌ക്ക് റിപ്പോർട്ട് നൽകും. പ്രശ്‌നത്തിൽ മേയറുടെയും ആനാവൂർ നാഗപ്പന്റെയും മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. ശാസ്‌ത്രീയാന്വേഷണം നടത്തിയിരുന്നില്ല. ആനാവൂർ നാഗപ്പന്റെ മൊഴി രേഖപ്പെടുത്തിയത് ഫോണിലൂടെയാണെന്ന് മുൻപ് സൂചനകളുണ്ടായിരുന്നു,ഇനി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തില്ല എന്നാണ് വിവരം.

കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയിരുന്നു. ഈ പരാതി ഡിജിപിയ്‌ക്ക് മുഖ്യമന്ത്രി കൈമാറി. ഇത് ക്രൈംബ്രാഞ്ച് സംഘത്തിന് നൽകിയതോടെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. തന്റെ ലെറ്റർപാട് തിരുത്തി വ്യാജമായി ഉണ്ടാക്കിയ കത്താണ് പുറത്തുവന്നതെന്നാണ് നേരത്തെ മേയർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. കത്ത് ലഭിച്ചിട്ടില്ലെന്ന് ആനാവൂർ നാഗപ്പനും മൊഴി നൽകി. സംഭവത്തിൽ യഥാർത്ഥ കത്ത് കണ്ടെത്തിയില്ല. സ്‌ക്രീൻഷോട്ട് പകർപ്പ് മാത്രമാണ് ക്രൈംബ്രാഞ്ചിന് കാണാനായത്. ഫോറൻസിക് പരിശോധന നടത്തി യഥാർത്ഥ കത്ത് കണ്ടെത്താൻ കേസെടുക്കണമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. ഇത് റിപ്പോർട്ടിലുണ്ട്.