
കോട്ടയത്തേയ്‌ക്ക് പോകുന്നുവെന്ന് ഫോൺ ; പിന്നാലെ എറണാകുളത്തെത്തി സിനിമാസ്റ്റൈലിൽ കൊലപാതകശ്രമം ; പട്ടാപ്പകല്‍ കൊച്ചി നഗരമധ്യത്തില്‍ ചെരുപ്പുകുത്തി ജീവിക്കുന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച ഓട്ടോ റാണി എന്നറിയപ്പെടുന്ന അമ്മയും, കാഞ്ഞിരപ്പള്ളിയിൽ പഠിക്കുന്ന മകനും പൊലീസ് പിടിയില്‍
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി : പട്ടാപ്പകല്‍ കൊച്ചി നഗരമധ്യത്തില്‍ കൊലപാതകശ്രമം നടത്തിയ അമ്മയും ,മകനും പിടിയിൽ . ഓട്ടോ റാണി എന്ന് വിളിക്കുന്ന സോളി ബാബു, മകൻ സാവിയോ ബാബു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം ജോസ് ജംഗ്ഷന് സമീപം ചെരുപ്പുകുത്തി ജീവിക്കുന്ന ജോയിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഒന്നാം പ്രതിയായ സാവിയോ ബാബു തന്റെ അമ്മയായ രണ്ടാം പ്രതി സോളി ബാബുവിനു വേണ്ടിയാണ് ജോയിയെ കൊല്ലാന്‍ ശ്രമിച്ചത്.
ബേസ് ബോള്‍ ബാറ്റ് വെച്ച് അടിച്ചു വീഴ്ത്തുകയും ഓടാന്‍ ശ്രമിച്ച ജോയിയെ വാക്കത്തി വെച്ച് തലയ്ക്കും മറ്റും വെട്ടുകയും ചെയ്തു. കൈ കൊണ്ട് തടുത്തതിനെ തുടര്‍ന്ന് കൈക്കും മറ്റും ഗുരുതരമായ പരുക്കുണ്ട്. ജോയിയെ ആദ്യം എറണാകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു മാസങ്ങള്‍ക്ക് മുന്‍പ് ജോയിയും സോളി ബാബുവും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രതിയായ സോളി ബാബു സൗത്ത് ഗേള്‍സ് ഹൈസ്കൂളിന് സമീപം ഓട്ടോറിക്ഷ ഓടിക്കുന്നു എന്ന വ്യാജേന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി പോലീസ്സ് പറയുന്നു. ഈ പ്രവര്‍ത്തനങ്ങളെ ജോയി എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ജോയിയുടെ അടി കൊണ്ട് സോളി ബാബുവിന്റെ കൈയൊടിയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് കേസ് എടുത്തു. ജോയിയെയും കൂട്ട് പ്രതിയായ പല്ലന്‍ ബാബുവിനെയും റിമാന്‍ഡ് ചെയ്തു.
ജാമ്യത്തിലിറങ്ങിയ ജോയ് സോളി ബാബുവിനെ സ്കൂളിന്റെ പരിസരമായ ഭാഗത്തു സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ അനുവദിച്ചില്ല. ഇതേതുടര്‍ന്ന് സോളി ബാബു മേനക മറൈന്‍ ഡ്രൈവ് ഭാഗത്തേക്ക് മാറി. ഇവിടെ വച്ച് ഒരു കവര്‍ച്ചക്കേസില്‍ സോളി ബാബു ജയിലില്‍ ആകുകയും ചെയ്തു.
ഇതിനു പുറകില്‍ ജോയി ആണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. തുടര്‍ന്ന് ചെറിയ കുറ്റകൃത്യങ്ങള്‍ നടത്തിവരുന്ന പലര്‍ക്കും ജോയിയുടെ കൈയും കാലും തല്ലിയൊടിക്കുന്നതിന് മദ്യവും പണവും കൊടുത്തിരുന്നു എന്നാണ് അന്വേഷണത്തില്‍ അറിവായത് . ഇതൊന്നും ഫലവത്താകാത്തതിനാലാണ് സ്വന്തം മകനെ കൂട്ടി ഗൂഢാലോചന നടത്തി കൃത്യം നടത്തിയത്.
ഒന്നാം പ്രതിയായ മകന്‍ സാവിയോ ബാബു കാഞ്ഞിരപ്പള്ളിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. സിനിമ സ്റ്റൈലില്‍ വളരെ ആസൂത്രിതമായാണ് പ്രതികള്‍ പദ്ധതി നടപ്പിലാക്കിയത്. ഒരിക്കലും താന്‍ പോലീസ് പിടിയില്‍ ആകരുത് എന്ന മുന്നൊരുക്കവും പ്രതി നടത്തിയിരുന്നു.
സംഭവം നടന്നതിന്റെ രണ്ടു ദിവസം മുന്‍പ് തന്നെ തങ്ങള്‍ കുടുംബസമേതം കോട്ടയത്ത് യൂണിവേഴ്സിറ്റിയില്‍ മകളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിനായി പോകുകയാണെന്ന് പലരെയും വിളിച്ചു പറഞ്ഞു.ഇതിന് ശേഷം ഇവരെല്ലാവരും ഫോണ്‍ ഓഫ് ചെയ്തിരുന്നു. പിന്നീട് കുടുംബസമേതം കോട്ടയത്തേക്ക് പോയി തുടര്‍ന്ന് കോട്ടയത്തു നിന്നും രാവിലെ സാവിയോ എറണാകുളത്തേക്ക് പുറപ്പെട്ട് വൈകുന്നേരം ആറു മണിയോടുകൂടി കൃത്യം നടത്തിയതിന് ശേഷം കാസര്‍കോട്ടേക്ക് പോകുകയാണ് ഉണ്ടായത്.
തുടര്‍ന്ന് കൃത്യം നടന്ന സ്ഥലത്ത് പരിശോധിച്ചതില്‍ ഒരു ഡ്യൂക്ക് ബൈക്കില്‍ വന്ന ആളാണ് കൃത്യം നടത്തിയത് എന്ന് മനസ്സിലായി. ആ സമയം പ്രതിയുടെ പുറകില്‍ കിടന്നിരുന്ന ബാഗില്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച ബേസ് ബോള്‍ ബാറ്റ് ഉയര്‍ന്നുനിന്നിരുന്നതായി ക്യാമറയില്‍ നിന്നും പോലീസിന് മനസ്സിലായി അതിനുശേഷം ആ വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചതില്‍ വ്യാജ നമ്പര്‍ ആണെന്ന് മനസ്സിലായി.
തുടര്‍ന്ന് സംഭവ സ്ഥലത്തു നിന്നും ക്യാമറയിലൂടെ ഈ ബൈക്കിനെ പോലീസ് പിന്തുടര്‍ന്നു. പിന്നീട് ഇതേ വാഹനം പ്രതിയുടെ ആലുവയിലുള്ള വീട്ടില്‍ നിന്ന് വരുന്നതായി പോലീസിന് വിവരം ലഭിച്ചു. അങ്ങനെയാണ് അന്വേഷണം സാവിയോയിലേക്ക് എത്തിയത്.തുടര്‍ന്ന് ജോയി പ്രതിയെ തിരിച്ചറിയുകയും പിന്നീടുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.