play-sharp-fill
പൂജാരയ്ക്ക് സെഞ്ച്വറി: ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ; ശക്തമായ നിലയിലെത്തിച്ച് കോഹ്ലിയും പൂജാരയും മടങ്ങി

പൂജാരയ്ക്ക് സെഞ്ച്വറി: ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ; ശക്തമായ നിലയിലെത്തിച്ച് കോഹ്ലിയും പൂജാരയും മടങ്ങി

സ്‌പോട്‌സ് ഡെസ്‌ക്

മെൽബൺ: മെൽബണിലെ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം സെഞ്ച്വറിയുമായി ചേതേശ്വർ പൂജാര നയിച്ചപ്പോൾ ഇന്ത്യ ടെസ്റ്റിൽ പിടിമുറുക്കി. പൂജാരയും കോഹ്ലിയും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 170 റൺ അടിച്ച് കൂട്ടിയതോടെയാണ് ഇന്ത്യ മികച്ച നിലയിൽ എത്തിയത്. കോഹ്ലിയും പൂജാരയും മടങ്ങിയ ശേഷം എത്തിയ രോഹിത് രഹാനെ സഖ്യം കൂടുതൽ നഷ്ടമില്ലാതെ ഇന്ത്യയെ മുന്നോട്ടു കൊണ്ടു പോകുകകയാണ്. രണ്ടാം ദിനത്തിന്റെ ആദ്യ സെഷൻ അവസാനിപ്പിക്കുമ്പോൾ ഇന്ത്യ 143 ഓവറിൽ ഇന്ത്യ 346-4 റണ്ണെടുത്തിട്ടുണ്ട്.
ആദ്യ ദിനം 215 ന് രണ്ട് വിക്കറ്റിനാണ് ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചത്. 68 റണ്ണുമായി പൂജാരയും, 47 റണ്ണുമായി കോഹ്ലിയുമായിരുന്നു ക്രീസിൽ. രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയപ്പോൾ മുതൽ പിച്ച് ബോളിംഗിനു കൂടുതൽ അനുകൂലമായിരുന്നു. നെഞ്ചൊപ്പം കുത്തി ഉയരുന്ന പന്തുകളുമായി ഓസീസ് പേസർമാർ ഇന്ത്യയെ നന്നായി വിറപ്പിച്ചു. പരിചയസമ്പന്നരായ കോഹ്ലിയും പൂജാരയും ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് നിരയെ കൂടുതൽ നഷ്ടമില്ലാതെ മുന്നോട്ട് കൊണ്ടു പോയത്.
319 പന്തിൽ 106 റണ്ണെടുത്ത പൂജാരയെ കുമ്മിൻസ് ബോൾഡ് ആക്കുകയായിരുന്നു. പന്ത് ബൗണ്ടറി അടിച്ച ശേഷമാണ് പൂജാര ബാറ്റ് വച്ച് കീഴടങ്ങിയത്. സ്‌കോർ അപ്പോൾ 293 ൽ എത്തിയിരുന്നു. ആറ് റൺ കൂടി ചേർത്തപ്പോഴേയ്ക്കും 204 പന്തിൽ ഒൻപത് ബൗണ്ടറിയുമായി 82 റണ്ണെടുത്ത വിരാട് കോഹ്ലിയും മടങ്ങി. പിന്നീട് ഇന്ത്യയെ പെട്ടന്ന് പുറത്താക്കാമെന്ന് പ്രതീക്ഷിച്ച് പന്തെറിഞ്ഞ ഓസീസ് ബോളർമാരെ നിരാശരാക്കി രോഹിത് ശർമ്മയും, അജിൻകെ രഹാനെയും ചേർന്ന് മികച്ച കൂട്ടുകെട്ടാണ് ഒരുക്കിയിരിക്കുന്നത്. 47 റണ്ണിന്റെ ശക്തമായ കൂട്ടുകെട്ടാണ് ഇന്ത്യൻ സംഘം ആദ്യ സെഷനിൽ പൂർത്തിയാക്കിയിരിക്കുന്നത്.
ഓസീസിനു വേണ്ടി കുമ്മിൻസ് 30 ഓവറിൽ പത്ത് മെയിഡനൻ അടക്കം 56 റൺ വഴങ്ങി മൂന്നു വിക്കറ്റ് എടുത്തിട്ടുണ്ട്. 26 ഓവറിൽ ഏഴു മെയിഡൻ അടക്കം 68 റൺ വഴങ്ങി മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റ് എടുത്തിട്ടുണ്ട്.