play-sharp-fill
രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ: കേരളത്തിന് പ്രതീക്ഷ നൽകി ഇന്നിംഗ്‌സ് ലീഡ്; എറിഞ്ഞിട്ട് കേരള പേസർമാർ

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ: കേരളത്തിന് പ്രതീക്ഷ നൽകി ഇന്നിംഗ്‌സ് ലീഡ്; എറിഞ്ഞിട്ട് കേരള പേസർമാർ

സ്‌പോട്‌സ് ഡെസ്‌ക്

വയനാട്: കൃഷ്ണഗിരിയിലെ പച്ചപ്പുൽ മൈതാനത്തെ തീപിടിപ്പിച്ച് കേരളത്തിന്റെ പേസ് ബൗളർമാർ. കേരളത്തിന്റെ സ്‌കോറിന് 23 റണ്ണകലെ ഗുജറാത്തിനെ എറിഞ്ഞിട്ട് കേരളത്തിന്റെ പേസർമാർ നിർണ്ണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നൽകി. രണ്ടാം ഇന്നിംഗ്‌സിൽ രണ്ടു വിക്കറ്റ് നഷ്ടമായെങ്കിലും കേരളം കളി ഏങ്ങോട്ടും തിരിയാമെന്ന സാധ്യതയിൽ എത്തിച്ചു. ആദ്യ ദിനം ആദ്യ ഇന്നിംഗ്‌സിൽ കേരളത്തെ 187 ന് പുറത്താക്കിയ ഗുജറാത്ത് 97ന് നാല് എന്ന നിലയിലാണ് ആദ്യ ദിനം ബാറ്റിംഗ് അവസാനിപ്പിച്ചത്.
രണ്ടാം ദിനം പ്രതീക്ഷയോടെ ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിനെ കേരള പേസർമാരുടെ കൊടുങ്കാറ്റ് കടപുഴക്കി. ഏഴു റണ്ണെടുക്കുന്നതിനിടെ ഗുജറാത്തിന്റെ മൂന്നു വിക്കറ്റാണ് കേരളത്തിന്റെ പേസർമാർ കറക്കി വീഴ്ത്തിയത്. 107 ന് ഏഴെന്ന നിലയിൽ തകർന്നടിഞ്ഞ ഗുജറാത്തിനെ 36 റണ്ണെടുത്ത കലേറിയ ആണ് രക്ഷിച്ചത്. 162 ൽ കലേറിയ പുറത്തായതോടെയാണ് ഗുജറാത്തിന്റെ ഇന്നിംഗ്‌സിന് തിരശീല വീണത്. ഗുജറാത്തിനു വേണ്ടി പാർത്ഥിവ് പട്ടേൽ 36 പന്തിൽ 43 റണ്ണെടുത്ത് ടോപ്പ് സ്‌കോററായി. കേരളത്തിനു വേണ്ടി സന്ദീപ് വാര്യർ നാലും, ബേസിൽ തമ്പിയും, എം.ഡി നിധീഷും മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി.
ഒന്നാം ഇന്നിംഗ്‌സിലെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗ് ആരംഭിച്ച കേരളം 21 ഓവർ പിന്നിട്ടപ്പോഴേയ്ക്കും 50 റണ്ണിന് മൂന്നു വിക്കറ്റ് നഷ്ടമാക്കിയിട്ടുണ്ട്. 32 പന്തിൽ പത്ത് റണ്ണെടുത്ത പി.രാഹുലിനെയും, റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് അസുറുദീനെയും, 27 പന്തിൽ 16 റണ്ണെടുത്ത വിനൂപ് മനോഹരനെയുമാണ് കേരളത്തിനു നഷ്ടമായത്. ഒൻപത് പന്തിൽ ഒരു റണ്ണുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയും, 55 പന്തിൽ 23 റണ്ണുമായി സിജോമോൻ ജോസഫുമാണ് ക്രീസിൽ.
ഇതോടൈ കേരളത്തിന് 73 റണ്ണിന്റെ ആകെ ലീഡായി.
150 റണ്ണെന്ന ടോട്ടൽ പോലും എറെ ദുഷ്‌കരമായ വയനാട് കൃഷ്ണഗിരിയിലെ പിച്ചിൽ രണ്ടാം ഇന്നിംഗ്‌സിൽ ഗുജറാത്തിന്റെ ബാറ്റിംഗിനെ കേരളം എങ്ങിനെ നേരിടും എന്നാണ് കാത്തിരുന്നത് കാണേണ്ടത്.