ആദ്യ ഏകദിനം: രോഹിത് ശർമ്മയുടെ സെഞ്ച്വറിയിലും ഇന്ത്യയ്ക്ക് കനത്ത തോൽവി; ധോണി തുഴഞ്ഞു കളഞ്ഞത് എട്ട് ഓവർ
സ്‌പോട്‌സ് ഡെസ്‌ക്
സിഡ്‌നി: രോഹിത് ശർമ്മ പൊരുതി നേടിയ സെഞ്ച്വറിയ്ക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. സിഡ്‌നിയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യ 34 റണ്ണകലെ കാലിടറി വീണു. ഓസീസ് ഉയർത്തിയ 288 റണ്ണിനെതിരെ അൻപത് ഓവറിൽ 254 റണ്ണെടുക്കാൻ മാത്രമാണ് ഇന്ത്യയ്ക്ക് സാധിച്ചത്. ടെസ്റ്റ് പരമ്പര പരാജയത്തിന് ആദ്യ ഏകദിനത്തിലെ വിജയത്തിലൂടെ ഓസീസ് തിരിച്ചടിച്ചു തുടങ്ങി. ഇന്ത്യൻ മുന്നേറ്റ നിരയിലെ മൂന്നു പേർ രണ്ടക്കം കാണാതെ പുറത്തായപ്പോൾ, അര സെഞ്ച്വറി നേടിയ ഇന്ത്യൻ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി തുഴഞ്ഞു കളഞ്ഞത് എട്ട് ഓവറിനടുത്താണ്. 51 റണ്ണെടുത്ത് ബെഹ്‌റെന്റോഫിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്താകുമ്പോഴേയ്ക്കും ധോണി നേരിട്ടത് 96 പന്തുകളെയാണ്. 45 പന്ത് അധികം. എട്ട് ഓവറിന് സമാനം..!
ഓസീസ് ഉയർത്തി 288 നെതിരെ ബാറ്റിംങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഒരു റണ്ണിൽ ധവാനെയും, നാലിൽ കോഹ്ലിയെയും, ഇതേ സ്‌കോറിൽ തന്നെ അമ്പാട്ടി റായിഡുവിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. ധവാനും റായിഡുവും റണ്ണൊന്നും എടുക്കും മുൻപും കോഹ്ലി മൂന്നു റണ്ണിലുമാണ് പുറത്തായത്. ധവാൻ ബെൻഹറോഫിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയപ്പോൾ, കോഹ്ലിയെയും റായിഡുവിനെയും റിച്ചാർഡസണാണ് പുറത്താക്കിയത്. നാല് റണ്ണിൽ ഒത്തു ചേർന്ന ധോണിയും, രോഹിതും ചേർന്നാണ് ഇന്ത്യൻ രക്ഷാ ദൗത്യം ഏറ്റെടുത്തത്. അക്ഷരാർത്ഥത്തിൽ തുഴച്ചിൽ നടത്തിയ ധോണി രോഹിത്തുമൊത്തം 137 റണ്ണിന്റെ നാലാം വിക്കറ്റ് കൂട്ട് കെട്ടാണ് ഉയർത്തിയത്. പക്ഷേ, അതിന് വലിയ വിലയാണ് ഇന്ത്യയ്ക്ക് നൽകേണ്ടി വന്നത്. 3.5 ഓവറിൽ ഒത്തു ചേർന്ന ഇരുവരും പിരിഞ്ഞത് 32.2 ഓവറിലായിരുന്നു. അപ്പോഴേയ്ക്കും കളിയുടെ പാതി പിന്നിട്ട് കഴിഞ്ഞിരുന്നു.
141 ൽ ധോണിയെ നഷ്ടമായ ശേഷം എ്ത്തിയ ദിനേശ് കാർത്തിക്കും മോശമാക്കിയില്ല. 21 പന്തിൽ 12 റൺ മാത്രം നേടി റിച്ചാർഡ്‌സണ്ണിന്റെ പന്തിൽ ബൗൾഡായി മടങ്ങുകയായിരുന്നു കാർത്തിക്ക് പിന്നാലെ 13 പന്തിൽ എട്ട്്് റണ്ണുമായി ജഡേജയും മടങ്ങി. ബൗൺസറിൽ ബാറ്റ് വച്ച് വേലിക്കരികിൽ മിച്ചൽ മാർഷിന്റെ കൈകളിൽ ജഡേജ കത്തിത്തീർന്നു. റിച്ചാർഡണിനു തന്നെയായിരുന്നു വിക്കറ്റ്. ആഞ്ഞടിച്ച രോഹിത് 45.4 ഓവറിൽ 221 ൽ മടങ്ങിയതോടെ ഇന്ത്യൻ പ്രതീക്ഷകളും അവസാനിച്ചു. 247 ൽ കുൽദീവ് യാദവിനെയും (ആറ് പന്തിൽ 3 ), ഇന്നിംഗ്‌സിന്റെ അവസാന പന്തിൽ (രണ്ട് പന്തിൽ 1) മുഹമ്മദ് ഷമിയെയും ഇന്ത്യയ്ക്ക് നഷ്ടമായി. 23 പന്തിൽ 29 റണ്ണെടുത്ത് പുറത്താകാതെ നിന്ന ഭുവനേശ്വർ കുമാർ ആളിക്കത്തി നോക്കിയെങ്കിലും കളി കൈവിട്ട് പോയിരുന്നു. ഒടുവിൽ ഇന്ത്യ 34 റൺ അകലെ തോൽവി വഴങ്ങി.
10 ഓവറിൽ രണ്ട് മെയ്ഡണിൽ 26 റൺ വഴങ്ങിയ റിച്ചാർഡ്‌സൺ നാല് വിക്കറ്റ് വീഴ്ത്തി. രണ്ട് മെയ്ഡനും 39 റണ്ണുമായി രണ്ടു വിക്കറ്റെടുത്ത് ബെൻഡ്‌റോഫും, ഒരു വിക്കറ്റുമായി പീറ്റർ സിഡിലും ഓസീസ് ബൗളിംഗിൽ തിളങ്ങി. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം വിജയിച്ച് ഓസീസ് ലീഡെടുത്തു.