റേഷൻ കാർഡിൽ നിന്നും പേരു മാറ്റിയതും മൂത്ത മകന്റെ വിവാഹനിശ്ചയം അറിയിക്കാത്തതിനുമുള്ള പക ; കൊല്ലത്ത് തയ്യൽകടയിൽ വച്ച് കൊല്ലപ്പെട്ട അജിതകുമാരിയുടെ മരണത്തിന് പിന്നിൽ ഭർത്താവ് ; കൃത്യം നടത്തിയ ശേഷം കാശിയിലേക്ക് വണ്ടി കയറി; ഞെട്ടിക്കുന്ന മൊഴിയുമായി പ്രതി സുകുമാരൻ

Spread the love


സ്വന്തം ലേഖകൻ

കൊല്ലം: തയ്യൽക്കടയിൽ വച്ച് ക്രൂരമായി കൊല്ലപ്പെട്ട 46കാരിയെ വധിച്ചത് സ്വന്തം ഭർത്താവ്. ഇരവിപുരം പൊലീസിന്റെ പിടിയിലായ സുകുമാരൻ നൽകിയ മൊഴി കേട്ട് അന്വേഷണ ഉദ്യോഗസ്ഥർ പോലും ഞെട്ടിയിരിക്കുകയാണ്. കൊല്ലാനുറപ്പിച്ച് തന്നെയാണ് അജിതകുമാരിയുടെ തയ്യൽക്കടയിലെത്തിയതെന്നും ഏറെ നാളായി താൻ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നെന്നും സുകുമാരൻ പൊലീസിനോട് വ്യക്തമാക്കി. കൊല്ലൂർവിള പള്ളിമുക്ക് ഫാത്തിമ മെമോറിയൽ ബിഎഡ് കോളജിനു സമീപത്തെ ഫൈൻ സ്റ്റിച്ചിങ് എന്ന തയ്യൽക്കടയുടെ ഉടമസ്ഥ അജിതാകുമാരി(46)യാണു ദാരുണമായി കൊല്ലപ്പെട്ടത്.

കടയിൽ ഇവർ തയ്ച്ചുകൊണ്ടിരിക്കേ സ്‌കൂട്ടറിൽ വന്നാണ് സുകുമാരൻ ഇവരുടെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. അജിതകുമാരി ഉച്ചത്തിൽ നിലവിളിച്ചതിന് പിന്നാലെ സമീപത്തെ കടയിലുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും ഇവർ കഴുത്തുമറിഞ്ഞ് രക്തം വാർന്ന് കിടക്കുന്നതാണ് കണ്ടത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കഴുത്തിൽ തറഞ്ഞ നിലയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർദ്ധക്യകാല പെൻഷന് അപേക്ഷിക്കാൻ പലതവണ ഭാര്യയോട് റേഷൻ കാർഡ് ചോദിച്ചിട്ടും നൽകിയില്ല. വീണ്ടും അന്വേഷിച്ചപ്പോൾ തന്റെ പേര് റേഷൻ കാർഡിൽ നിന്ന് ഒഴിവാക്കിയതായി അറിഞ്ഞു. ഒടുവിൽ മൂത്തമകന്റെ വിവാഹനിശ്ചയം കൂടി അറിയിക്കാത്തതോടെ ദേഷ്യം വർദ്ധിച്ചു. സംഭവ ദിവസം രാവിലെ ചിന്നക്കടയിൽ നിന്നാണ് കത്തി വാങ്ങിയത്. കൊല ചെയ്ത ശേഷം ലോഡ്ജിലെത്തി വസ്ത്രം മാറി കെ.എസ്.ആർ.ടി.സി ബസിൽ കായംകുളത്തേയ്ക്കും അവിടെ നിന്ന് ട്രെയിനിൽ ചെന്നൈയിലേക്കും തുടർന്ന് കാശിയിലേക്കും പോയി. തൊട്ടടുത്ത ട്രെയിനിൽ വീണ്ടും ചെന്നൈയിലേക്ക് തിരികെയെത്തി. അവിടെ നിന്നാണ് ഇന്നലെ കൊല്ലത്തേയ്‌ക്കെത്തിയതെന്ന്് സുകുമാരൻ പോലീസിന് മൊഴി നൽകി.

സ്വദേശമായ തമിഴ്നാട്ടിലെ തക്കലയിൽ ഒളിവിൽ കഴിയാനായിരുന്നു തീരുമാനം. കൈയിലുണ്ടായിരുന്ന പണം തീർന്നതിനാൽ സുഹൃത്തിന് വായ്പ കൊടുത്ത പണം തിരികെ വാങ്ങാനാണ് കൊട്ടാരക്കരയിലെത്തിയത്. സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് പൊലീസ് പിടിയിലായത്. മാടൻനടയിൽ നടത്തിയിരുന്ന ഹാർഡ്വെയർ കട പൂട്ടിയതോടെ പോളയത്തോട്ടിലെ ഹോട്ടലിൽ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. സംഭവ ദിവസം സുകുമാരൻ ഹോട്ടലിൽ ജോലിക്കെത്തിയിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.