പനച്ചിക്കാട് പഞ്ചായത്തിൽ സിപിഎമ്മിന് ഭരണ നഷ്ടം: ബിജെപി പിൻതുണയോടെ കോൺഗ്രസ് അവിശ്വാസം പാസായി; ഒരു ബിജെപി അംഗം വിട്ടു നിന്നു

പനച്ചിക്കാട് പഞ്ചായത്തിൽ സിപിഎമ്മിന് ഭരണ നഷ്ടം: ബിജെപി പിൻതുണയോടെ കോൺഗ്രസ് അവിശ്വാസം പാസായി; ഒരു ബിജെപി അംഗം വിട്ടു നിന്നു

സ്വന്തം ലേഖകൻ

കോട്ടയം: പനച്ചിക്കാട് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കോൺഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം ബിജെപി പിൻതുണയോടെ പാസായി. കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി രണ്ടു ബിജെപി അംഗങ്ങളും, ഒരു ബിഡിജെഎസ് അംഗവും വോട്ട് ചെയ്തു. ഒരു ബിജെപി അംഗം വോട്ടെടുപ്പിന് എത്തിയില്ല. ഇതോടെ സിപിഎമ്മിലെ ഇ.ആർ സുനിൽകുമാറിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വൈസ് പ്രസിഡന്റ് അനില വിജുവിനെതിരെ അവിശ്വാസ പ്രമേയം പരിഗണിക്കും. രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിൽ ബിജെപി അംഗം ലിജി വിജയകുമാർ വിട്ടു നിന്നു.
രണ്ടാഴ്ച മുൻപാണ് പനച്ചിക്കാട് പഞ്ചായത്തിലെ സിപിഎം നേതൃത്വം നൽകുന്ന ഭരണസമിതിയ്‌ക്കെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയത്. 23 അംഗ ഭരണസമിതിയിൽ രണ്ട് സിപിഐ അംഗങ്ങളും എട്ട് സിപിഎം അംഗങ്ങളും അടക്കം പത്ത് സീറ്റാണ് ഇടതു മുന്നണിയ്ക്കുള്ളത്. പട്ടിക ജാതി വിഭാഗത്തിനു സംവരണം ചെയ്തിരിക്കുന്ന പഞ്ചായത്തിൽ സിപിഎമ്മിലെ ഇ.ആർ സുനിൽകുമാറിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ബിജെപി അംഗങ്ങളും, ഒരു ബിഡിജെഎസ് അംഗവും വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നതോടെയാണ് സിപിഎമ്മിനു ഭരണം പിടിക്കാൻ അവസരം ഒരുങ്ങിയത്.
എന്നാൽ, വ്യഴാഴ്ച രാവിലെ അവിശ്വാസ പ്രമേയം പരിഗണിച്ചപ്പോൾ കോൺഗ്രസ് നേതൃത്വത്തെ ബിജെപി പിൻതുണയ്ക്കുകയായിരുന്നു. ബിജെപിയുടെ രണ്ടും ബിഡിജെഎസിന്റെ മൂന്നും വോട്ട് അവിശ്വാസ പ്രമേയത്തെ അനൂകൂലിച്ച് ലഭിച്ചു. ഒൻപത് അംഗങ്ങളുള്ള കോൺഗ്രസിനൊപ്പം മൂന്ന് വോട്ട് കൂടി ലഭിച്ചതോടെ പന്ത്രണ്ട് വോട്ട് ലഭിച്ച അവിശ്വാസ പ്രമേയം പാസായി. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സുനിൽകുമാർ രാജി വയ്ക്കുകയായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്തും നിരവധി രാഷ്ട്രീയ നാടകങ്ങൾ വേദിയായ പഞ്ചായത്തായിരുന്നു പനച്ചിക്കാട്. അന്നും ഭരണത്തെ നിശ്ചയിച്ചിരുന്നത് ബിജെപിയായിരുന്നു. നാലു തവണയാണ് പഞ്ചായത്തിൽ കോൺഗ്രസിന്റെ പ്രസിഡന്റുമാർ മാറിയത്. ഏറ്റവും ഒടുവിലെ നാലു മാസത്തോളം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പ്രാതിനിധ്യമുള്ള ഭരണമുന്നണിയാണ് പഞ്ചായത്തിലുണ്ടായിരുന്നത്. ഓരോ സ്ഥിരം സമിതിയിലും ഓരോ രാഷ്ട്രീയ പാർട്ടിയാണ് ഭരിച്ചിരുന്നത്.