play-sharp-fill
സിപിഎം പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടി മുഖ്യമന്ത്രി

സിപിഎം പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടി മുഖ്യമന്ത്രി

 

സ്വന്തം ലേഖിക

കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്‌തെന്നരോപിച്ച് യുപിഎ ചുമത്തി രണ്ട് സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ വിശദീകരണം തേടി മുഖ്യമന്ത്രി.

ഡിജിപി ലോക്നാഥ് ബെഹ്റയെ ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടിയത്.യുഎപിഎ നിയമത്തെ വ്യാപകമായി എതിർക്കുന്ന പാർട്ടിയാണ് സി.പി.എം. മുൻപ് സിപിഎം നേതാവ് പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയപ്പോൾ സിപിഎം ശക്തമായി പ്രതിഷേധിച്ചിരുന്നു. യുഎപിഎ കരി നിയമമാണെന്നാണ് സിപിഎമ്മിൻറെ തന്നെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് പന്തീരാങ്കാവിൽ നിന്നാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ അറസ്റ്റിലായത്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് ഇരുവരും. മാവോയിസ്റ്റ് ലഘുലേഖ കൈയ്യിൽ വച്ചതിനായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ അലൻ മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്‌തെന്നും ഇത്തരം ലഘുലേഖകൾ ഇയാളുടെ കൈയ്യിൽ നിന്ന് കണ്ടെടുത്തെന്നുമാണ് പോലീസിൻറെ വാദം.

മഞ്ചിക്കണ്ടിയൽ പോലീസ് വെടിവെപ്പിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധം അറിയിക്കുന്ന കുറിപ്പാണ് ഇവരുടെ കൈയ്യിൽ നിന്ന് കണ്ടെടുത്തതെന്നാണ് സൂചന. നിയമ വിദ്യാർത്ഥിയായ അലൻ ഷുഹൈബിൻറെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു.

അതേസമയം, അലൻ സിപിഎം അംഗമാണെന്നും നടന്നത് ഭരണകൂട ഭീകരതയാണെന്നും അലൻറെ പിതാവ് ഷുഹൈബ് പറഞ്ഞു. സജീവ എസ്എഫ്ഐ പ്രവർത്തകനുമാണ് അറസ്റ്റിലായ അലൻ എന്നാണ് റിപ്പോർട്ടുണ്ട്.

ഏതോ നോട്ടീസ് കൈയ്യിലുണ്ടെന്ന പേരിലാണ് മകനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അലന് മാവോയിസ്റ്റുകളുമായി ബന്ധമില്ലെന്നും ശുഹൈബും അലൻറെ അമ്മ സബിത മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് അലനെ അറസ്റ്റ് ചെയ്തതെങ്കലും പുലർച്ചെ നാലുമണിയോടെയാണ് വീട്ടിൽ റെയ്ഡ് നടന്നതെന്നും സബിത മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, താഹയെ അറസ്റ്റ് ചെയ്തത് പുലർച്ചെ രണ്ട് മണിക്കാണെന്ന് ബന്ധു പറഞ്ഞു. രണ്ട് മണിക്കൂർ നീണ്ട പരിശോധനക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്.

അലൻറെ അറസ്റ്റിനെതിരെ വിവിധ യുവജന പ്രസ്ഥാനങ്ങൾ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. വിവിധ പരിപാടികൾക്കായി കോഴിക്കോടെത്തുന്ന മുഖ്യമന്ത്രിയെ അലൻറെ മാതാപിതാക്കൾ സന്ദർശിക്കുമെന്നാണ് സൂചന.