
സ്വന്തം ലേഖകൻ
കൊച്ചി : പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് . മൂന്നു സിപിഎം നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി . എം.എം അൻവർ, ഭാര്യ കൗലത്ത് അൻവർ, റിമാൻഡിൽ കഴിയുന്ന പാർട്ടി നേതാവ് എൻ.എൻ. നിഥിൻ എന്നിവരെയാണു പാർട്ടി പുറത്താക്കിയത് . ദുരിതാശ്വാസ ഫണ്ടിൽനിന്നു പത്തരലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി എന്നതാണ് കേസ്.
സാമ്പത്തിക സഹായത്തിന് അർഹതയുള്ളവരിൽ നല്ലൊരു ശതമാനം പേർക്കും ഇനിയും തുക മുഴുവൻ ലഭിച്ചിട്ടില്ലെന്നിരിക്കേയാണു, പാർട്ടി നേതാക്കളുടെ അക്കൗണ്ടിലേക്കു വിഷ്ണു പ്രസാദ് പല തവണയായി പണം മാറ്റിയത് .അറസ്റ്റിലായ പ്രതികളിൽ മൂന്നുപേർ സ്ത്രീകളാണ്. തട്ടിപ്പുകേസിൽ പ്രതികളായ അൻവറും ഭാര്യ കൗലത്തും ഇപ്പോഴും ഒളിവിലാണ് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണയന്നൂർ താലൂക്ക് ഓഫീസിൽ റവന്യു ഉദ്യോസ്ഥനായ പിതാവിൻറെ മരണത്തെത്തുടർന്ന് ആശ്രിത നിയമനത്തിലാണു വിഷ്ണുപ്രസാദ് സർവീസിൽ പ്രവേശിക്കുന്നത്. 2014 മുതൽ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലാണു വിഷ്ണു ജോലി ചെയ്യുന്നത്. ഏറെ മുന്നൊരുക്കങ്ങൾക്കുശേഷമാണു വിഷ്ണുപ്രസാദ് പരിചയക്കാർക്കും പാർട്ടിക്കാർക്കും പ്രളയ നിധിയിൽനിന്നു പണം കൈമാറിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
മറ്റൊരു ലോക്കൽ കമ്മറ്റിയംഗത്തിൻറെ ഭാര്യയുടെ പേരിലാണു ദുരന്തനിവാരണ വിഭാഗത്തിൽനിന്നു രണ്ടര ലക്ഷം രൂപ വിഷ്ണു അടിച്ചു മാറ്റിയത് . മുഖ്യപ്രതികളിൽ വിഷ്ണുപ്രസാദിനൊപ്പം തട്ടിപ്പു പണത്തിൻറെ പങ്ക് അൻവറും നിധിനും കൈപ്പറ്റിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.