പണത്തോട് ആസക്തി വളർന്നു, റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍, ക്രിമിനല്‍ പ്രവണതകള്‍ എന്നിവയില്‍നിന്ന് മോചിതമാകണം, ജനങ്ങള്‍ക്കിടയില്‍ സ്വാധീനം കുറഞ്ഞു; ഒടുവിൽ വീഴ്ചകൾ അക്കമിട്ട് പാർട്ടിയുടെ കുറ്റസമ്മതം; ദിശാബോധം നല്‍കാൻ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, സെക്രട്ടറിമാർ എന്നിവർക്ക് ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ക്ലാസ്

Spread the love

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം കുറഞ്ഞതാണെന്ന് സി.പി.എം. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ നേതാക്കള്‍ക്ക് സംസാരിക്കാനുള്ള വിഷയരേഖയിലാണ് കുറ്റസമ്മതം.

ജനകീയ പ്രവർത്തനം നടത്തുന്നതിലും പുതിയ വിഭാഗങ്ങളെ ഒപ്പം കൊണ്ടുവരുന്നതിലും വീഴ്ചപറ്റിയോ എന്ന് പരിശോധിക്കണം. വർഗ-ബഹുജന പ്രശ്നങ്ങളില്‍ മാത്രമല്ല, നാട്ടിലെ സാധാരണക്കാരുടെ ജനനം, മരണം, വിവാഹം എന്നിവ അടക്കമുള്ളവയിലും ഇടപഴകിയാണ് പ്രവർത്തിക്കേണ്ടതെങ്കിലും അതിന് കഴിഞ്ഞോയെന്ന് പരിശോധിക്കണം.

ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയിരിക്കെ അണികള്‍ക്കും താഴേത്തട്ടിലെ നേതാക്കള്‍ക്കും ദിശാബോധം നല്‍കാൻ ഈ കുറിപ്പിന് പുറമേ ക്ലാസിനും പാർട്ടി തീരുമാനിച്ചു. സമ്മേളനങ്ങളില്‍ സംസാരിക്കാൻ നിയോഗിക്കുന്ന വ്യക്തികള്‍, ലോക്കല്‍കമ്മിറ്റി, ഏരിയാ കമ്മിറ്റി എന്നിവയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, സെക്രട്ടറിമാർ എന്നിവർക്ക് ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയാണ് ക്ലാസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.ബി. അംഗം എ. വിജയരാഘവൻ അടക്കമുള്ളവരാണ് ക്ലാസെടുക്കുക. നന്നായി ക്ലാസ് എടുക്കാനും സംസാരിക്കാനും കഴിയുന്ന ചെറുപ്പക്കാരെ പരിശീലനത്തിന് എത്തിക്കാനും നിർദേശിച്ചിട്ടുണ്ട്. ഭരണസ്വാധീനം മൂലമാണ് പാർട്ടിയില്‍ തെറ്റായ പ്രവണതകള്‍ ഉണ്ടാകുന്നതെന്നും വിഷയരേഖയില്‍ പറഞ്ഞിട്ടുള്ളത്.

വിഷയരേഖയിലെ പ്രധാനപ്പെട്ട പരാമർശങ്ങള്‍

പണത്തോട് ആസക്തി വളർന്നുവരുന്നു. ഇത് തിരുത്തണം. റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍, ക്രിമിനല്‍ പ്രവണതകള്‍ എന്നിവയില്‍നിന്ന് മോചിതമാകണം.

സ്ത്രീകളോട് ജനാധിപത്യപരമായ രീതിയില്‍ ഇടപെടണം. കുടുംബത്തെ ജനാധിപത്യവത്കരിക്കണം.

ബി.ജെ.പി. അക്കൗണ്ട് തുറന്നത് പ്രധാനമായും കോണ്‍ഗ്രസ് വോട്ട് നേടിയാണ്. പക്ഷേ, സി.പി.എം. വോട്ടുകളും ബി.ജെ.പി.യിലേക്ക് പോയി എന്നത് ഗൗരവമുള്ളതാണ്. കേന്ദ്രസർക്കാർ ഇടപെട്ട് ക്രിസ്ത്യൻ വോട്ടുകള്‍ ബി.ജെ.പി.ക്ക് അനുകൂലമാക്കി.

സ്വന്തം ഘടകങ്ങളില്‍ അംഗങ്ങള്‍ മേല്‍ഘടകത്തിലുള്ളവരെക്കുറിച്ച്‌ സ്വതന്ത്രവിലയിരുത്തല്‍ നടത്തണം. ഇത് സ്വതന്ത്രവും നിർഭയവും ആകണം.

പാർട്ടി പ്രവർത്തനം എന്നത് ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടപെടുന്നതല്ലെന്ന് മനസ്സിലാക്കണം. പകരം പാർട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതാണ്. സഹകരണ, തദ്ദേശ സ്ഥാപനങ്ങളിലെ മോശം പ്രവണത തിരുത്തണം.

പാർട്ടി വാട്സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി പൊതുജനങ്ങളെ അണിനിരത്തണം.

അനുഭാവികളുടെ ജനറല്‍ബോഡി ചേരണം.

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചാണ് ബി.ജെ.പി. വളർന്നത്. വിശ്വാസത്തെ ബഹുമാനിക്കണം. വർഗീയവാദികളുടെ കൈയിലേക്ക് വിശ്വാസം പോകാതെ നോക്കുകയും വേണം.

സഖാക്കള്‍ പാർട്ടിക്കും സർക്കാരിനുെമതിരേ നവമാധ്യമങ്ങളില്‍ വൈകാരികമായി സംസാരിക്കരുത്. ഇത് ഗുരുതര അച്ചടക്കലംഘനമാണ്. നടപടിയും ഉണ്ടാകണം.

കുടുംബഗ്രൂപ്പുകളില്‍ നടത്തുന്ന വർഗീയ പ്രചാരണത്തെ അതിലുള്ള പാർട്ടി അംഗങ്ങള്‍ ചെറുക്കണം. രാഷ്ട്രീയം മാറ്റിനിർത്തപ്പെട്ട ഗ്രൂപ്പുകളില്‍ സർക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കണം.

വ്യക്തിജീവിതത്തില്‍ ലാളിത്യം, സത്യസന്ധത എന്നിവ നിലനിർത്തണം.

റെസിഡന്റ്സ് അസോസിയേഷൻ പോലുള്ള പൊതുഘടകങ്ങളിലും ഇടപെടണം. ഫ്ലാറ്റുകളിലും പാർട്ടി പ്രവർത്തനം എത്തിക്കണം. പി.ടി.എ.കളിലും വേണം.