സ്റ്റേഷനിലെത്തിയ ലോക്കൽ സെക്രട്ടറിയെ സി.ഐ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു: കുമരകത്ത് സിപിഎം പ്രതിഷേധം; സിഐയെ മാറ്റണമെന്ന് ആവശ്യം: ലോക്കൽ സെക്രട്ടറി സ്റ്റേഷനിലെത്തിയത് സ്ത്രീയെ ശല്യം ചെയ്ത കേസിലെ പ്രതിയ്ക്ക് വേണ്ടി

സ്റ്റേഷനിലെത്തിയ ലോക്കൽ സെക്രട്ടറിയെ സി.ഐ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു: കുമരകത്ത് സിപിഎം പ്രതിഷേധം; സിഐയെ മാറ്റണമെന്ന് ആവശ്യം: ലോക്കൽ സെക്രട്ടറി സ്റ്റേഷനിലെത്തിയത് സ്ത്രീയെ ശല്യം ചെയ്ത കേസിലെ പ്രതിയ്ക്ക് വേണ്ടി

തേർഡ് ഐ ബ്യൂറോ

കുമരകം: സ്ത്രീയെ ശല്യം ചെയ്ത കേസിലെ പ്രതിയ്ക്കായി പൊലീസ് സ്റ്റേഷനിലെത്തിയ സിപിഎം ലോക്കൽ സെക്രട്ടറിയ്ക്ക് സി ഐയുടെ അസഭ്യവർഷം. പ്രതിയെ അസഭ്യം പറഞ്ഞ സി.ഐ, പ്രശ്നത്തിൽ ഇടപെട്ട കുമരകം ലോക്കൽ സെക്രട്ടറിയെ അസഭ്യം പറഞ്ഞ് സ്റ്റേഷനിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു. ലോക്കൽ സെക്രട്ടറിയെ അപമാനിച്ചതിൽ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തിൽ ഇരുനൂറോളം പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി. തുടർന്ന് ഡിവൈഎസ്പിയുമായി ചർച്ച നടത്തി, സി.ഐയ്ക്കെതിരെ നടപടി ഉറപ്പു നൽകിയതിനു ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. വെള്ളിയാഴ്ച രാവിലെ കുമരകം പൊലിസ് സ്റ്റേഷനിലായിരുന്നു നാടകീയ സംഭവങ്ങൾ. രണ്ട് വർഷത്തോളമായി കുമരകം സ്വദേശിയായ പ്രതി തന്നെ ശല്യം ചെയ്യുന്നതായി കാട്ടി യുവതി ആദ്യം സി പി എം പ്രാദേശിക നേതൃത്വത്തിന് പരാതി നല്കി.സി പി എം ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ ഇടപെട്ട് പ്രശ്‌നം പറഞ്ഞു തീർക്കാൻ ശ്രമിച്ചു.സി പി എമ്മിന്റെ അംഗംകൂടിയായ യുവാവിനെതിരെയാണ് ആരോപണമുയർന്നിരുന്നത്.അതുകൊണ്ട്തന്നെ നേതാക്കൾ പ്രതിക്ക് അനുകൂലമായ നിലപാടാണ് ആദ്യം മുതൽ സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ട്. ഇതേ തുടർന്ന പാർട്ടിനടപടിയിൽ തൃപ്തരാകാതിരുന്ന യുവതി പരാതിയുമായി പൊലിസിനെ സമീപിക്കുകയായിരുന്നു.വെള്ളിയാഴ്ച രാവിലെ ഇരുകൂട്ടരെയും സി ഐ സ്റ്റേഷനിൽ വിളിച്ച്‌വരുത്തി യുവതിയുടെ പരാതി കേട്ടശേഷം സി ഐ പ്രതിയായ യുവാവിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് പരാതി.സി പി എമ്മിന്റെ ലോക്കൽ സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു അസഭ്യവർഷവും ഭീഷണിയും.ഇതേ തുടർന്ന് ലോക്കൽ സെക്രട്ടറി പ്രശ്‌നത്തിലിടപെട്ട് സി ഐയുമായി ഉടക്കി.ഇതോടെ ലോക്കൽ സെക്രട്ടറിയെ അസഭ്യം പറഞ്ഞ സി ഐ അദ്ദേഹത്തെ സ്റ്റേഷനിൽ നിന്ന് ഇറക്കി വിടുകയായിരുന്നു എന്നാണ് സി പി എം ആരോപിക്കുന്നത്.ഇതേ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഇരുന്നൂറോളം വരുന്ന സി പി എം പ്രവർത്തകർ പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായെത്തി.സി ഐക്കെതിരെ പ്രതിഷേധവുമായെത്തിയ പ്രവർത്തകർ ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞാണ് പ്രതിഷേധം നടത്തിയത്.പ്രതിഷേധം പൊലിസ് സ്റ്റേഷൻ ഉപരോധത്തിലേക്ക് നീണ്ടതോടെ കോട്ടയം ഡി വൈ എസ് പി ആർ ശ്രീകുമാർ സ്ഥലത്തെത്തി.തുടർന്ന പ്രവർത്തകരും നേതാക്കളും തമ്മിൽ നടത്തിയ ചർച്ച ഡി വൈ എസ് പി സി ഐക്കെതിരെ നടപടിയെടുത്തു.ഇതേ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.