പിഎസ്‌സി കോഴ വിവാദം: ഏരിയാ കമ്മിറ്റിയംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യാൻ ഇന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗം, യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണൻ എംഎൽഎയും മന്ത്രി മുഹമ്മദ് റിയാസും പങ്കെടുക്കും

Spread the love

തിരുവനന്തപുരം: പിഎസ്‌സി കോഴ വിവാദത്തിൽ ആരോപണവിധേയനായ ഏരിയാ കമ്മിറ്റിയംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യാൻ ഇന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗം.

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്നുരാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണൻ എംഎൽഎയും മന്ത്രി മുഹമ്മദ് റിയാസും പങ്കെടുക്കും.

ജില്ലാ കമ്മിറ്റിയംഗങ്ങളിൽ ഒരുവിഭാഗം പേർ പ്രമോദിനെതിരെ നടപടിയെടുക്കുന്നതിനെ എതിർക്കുന്നുണ്ട്. കോഴ വിവാദത്തിൽ നിരപരാധിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് ജില്ലാ സെക്രട്ടറിയേറ്റിന് പ്രമോദ് നൽകിയ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മന്ത്രി റിയാസ് അടക്കമുള്ളവർ കർശന ന‌ടപടി ആവശ്യപ്പെടുന്നുണ്ട്. കോഴയിൽ പാർട്ടിക്ക് പങ്കില്ലെന്നും അന്വേഷണം നടന്നില്ലെന്നുമാണ് സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ആവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെയും ടൗൺ ഏരിയാ കമ്മിറ്റി യോഗത്തിന്റെയും തീരുമാനങ്ങൾ ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും.

പാർട്ടി തള്ളിയ കോഴക്കേസിലല്ലാതെ ടൗൺ ഏരിയാ കമ്മിറ്റിക്ക് കീഴിൽ പ്രമോദ് കോട്ടുളി നടത്തി വരുന്ന പ്രവർത്തനങ്ങൾ പാർട്ടി അച്ചടക്കത്തിനെതിരാണെന്നും പ്രമോദിന് റിയൽ എസ്‌റ്റേറ്റ് മാഫിയകളുമായി ബന്ധമുണ്ടെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇയാളെ പാർട്ടി കമ്മിറ്റികളിൽ നിന്ന് തത്ക്കാലം നീക്കം ചെയ്യാനാണ് ശ്രമം.

ഏരിയാ കമ്മിറ്റി അംഗത്വം, സി.ഐ.ടിയു ജില്ലാ സെക്രട്ടറി സ്ഥാനം തുടങ്ങിയവയിൽ നിന്ന് പ്രമോദിനെ നീക്കുമെന്നാണ് ലഭിക്കുന്ന വിവരം.