സ്വന്തം ലേഖകൻ
നീലംപേരൂർ : ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ സ്വന്തം വീട്ടിലേക്ക് കടത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.പി. സുകുമാരനെ പാർട്ടിയിൽ നിന്നും പുറത്താക്കി. സുകുമാരനെ ഒരു വർഷത്തേക്കാണ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതെന്ന് കുട്ടനാട് ഏരിയാ സെക്രട്ടറി ജി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ സ്വന്തം വീട്ടിലേക്ക് കടത്തിയതിനാണ് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി പുറത്താക്കി നടപടിയെടുത്തിരിക്കുന്നത്. നീലംപേരൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ ഗവ. എൽ.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റും കേരളാ കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗം നേതാവുമായ പ്രിനോ ഉതുപ്പാനോടൊപ്പം ബ്രാഞ്ച് സെക്രട്ടറി വെട്ടിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷ്യധാന്യങ്ങൾ തട്ടിയ സംഭവത്തിൽ പൊലീസിനൊപ്പം റവന്യു വകുപ്പും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പൊതു ഭക്ഷണവിതരണ കേന്ദ്രത്തിലേക്ക് ഭക്ഷ്യധാന്യങ്ങൾ കൊണ്ടുവരുന്ന വഴിതന്നെ കെ.പി. സുകുമാരന്റെ വീട്ടിലേക്ക് സാധനങ്ങൾ ഇറക്കിവയ്ക്കുകയായിരുന്നു.
ഭക്ഷ്യധാന്യങ്ങൾ സുകുമാരന്റെ വീട്ടിലേക്ക് ഇറക്കിവയ്ക്കുന്നത് കണ്ടെത്തിയ നാട്ടുകാരിൽ ചിലർ ഭക്ഷ്യ ധാന്യത്തിന്റെ അളവ് പരിശോധിച്ചപ്പോൾ തിരിമറി നടന്നതായി വ്യക്തമായി. ഇതേത്തുടർന്ന് പ്രിനോ ഉതുപ്പാനെ നാട്ടുകാർ പരസ്യമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച ഇയാൾ മാപ്പുപറയുകയും ഭക്ഷ്യധാന്യത്തിന്റെ വിലയായ 3609 രൂപ നാട്ടുകാരുടെ സാന്നിധ്യത്തിൽ ഭക്ഷണവിതരണ കേന്ദ്രം കൺവീനർക്കു കൈമാറുകയും ചെയ്തു.
ഡെപ്യൂട്ടി തഹസീൽദാർ കെ.കെ.ടൈറ്റസിനാണ് ഭക്ഷ്യധാന്യങ്ങൾ തിരിമറി നടത്തിയെന്ന പരാതിയിൽ റവന്യൂ വിഭാഗം അന്വേഷണ ചുമതല. ഒപ്പം സംഭവത്തിൽ നീലംപേരൂർ വില്ലേജ് ഓഫീസിന്റെ ഭാഗത്തുനിന്ന് ക്രമരഹിതമായ നടപടികൾ വല്ലതും ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു കുട്ടനാട് തഹസീൽദാർ ടി.ഐ. വിജയസേനൻ അറിയിച്ചു.