
അവഗണന സഹിക്കാവുന്നതിലും അപ്പുറം: സിപിഎം കടുംപിടിത്തം തുടര്‍ന്നാല്‍ കോണ്‍ഗ്രസുമായി സഖ്യം വേണം: സിപിഐ മലപ്പുറം ക്യാംപില്‍ വിമര്‍ശനം
മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം സിപിഎമ്മിനെ വിമര്‍ശിച്ചു സിപിഐ നേതാക്കള്‍ രംഗത്തു വന്നിരുന്നു. ഒരേ മുന്നണിയില്‍ ആണെങ്കിലും സിപിഎം തങ്ങളെ അവഗണിക്കുന്നു എന്നതാണ് സിപഐയുടെ പൊതുവികാരം. ഇതോടെ അണികള്‍ക്കിടയില്‍ മുന്നണി മാറണമെന്ന അഭിപ്രായവും ശക്തമാണ്.
സിപിഎം തിരുത്തിയില്ലെങ്കില്‍ ഇടതു മുന്നണി പൊളിയുമെന്ന് സിപിഐ മലപ്പുറത്തെ യോഗത്തില്‍ വിലയിരുത്തി. മലപ്പുറത്ത് സിപിഐയുടെ ജില്ലാ ക്യാംപിലാണ് വിമര്‍ശനം. സിപിഎം കടുംപിടിത്തം തുടരുകയാണെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്നു പൊന്നാനിയില്‍നിന്നുള്ള അംഗം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി കോണ്‍ഗ്രസുമായി സഹകരിക്കുമ്പോള്‍ കേരളത്തില്‍ മാത്രം മറിച്ചൊരു നിലപാട് എടുക്കുന്നത് എന്തിനാണെന്നും ചോദിച്ചു.
സിപിഎം അവഗണന സഹിക്കാവുന്നതിലും അപ്പുറമാണെന്നു ക്യാംപില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടു. ആഭ്യന്തര വകുപ്പ് ദുര്‍ബലമാണെന്നും കുറ്റപ്പെടുത്തലുണ്ടായി. പ്രതിനിധികളെ കൂടുതല്‍ ചര്‍ച്ചകളിലേക്കു കടക്കാന്‍ നേതൃത്വം അനുവദിച്ചില്ല. ഇത്തരം ചര്‍ച്ചകള്‍ ക്യാംപില്‍ വേണ്ടെന്നായിരുന്നു നേതൃത്വം പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാജയത്തെ പരാജയമായി അംഗീകരിച്ചു വീഴ്ചകള്‍ കണ്ടെത്തി തിരുത്തണമെന്നു ക്യാംപില്‍ പങ്കെടുത്ത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. ചുവന്ന കൊടി പിടിച്ചു പണക്കാര്‍ക്ക് ദാസ്യപ്പണി എടുത്താല്‍ പാര്‍ട്ടി ശിക്ഷിക്കപ്പെടുമെന്നും ബിനോയ് പറഞ്ഞു.
സിപിഐ ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരത്തിയ കാര്യങ്ങളോടു വിയോജിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എസ്എഫ്ഐ വിഷയത്തിലും സ്വീകരിച്ചത് വിഭിന്ന നിലപാടായിരുന്നു. ഇത്തരം വിഷയങ്ങളില്‍ ഇടതുമുന്നണിയിലെ ഭിന്നതയാണ് മറനീക്കി പുറത്തുവരുന്നത്. കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംപസില്‍ കെഎസ് യു നേതാവിന് മര്‍ദനമേറ്റ വിഷയത്തില്‍ എസ്എഫ്ഐയെ മുഖ്യമന്ത്രി നിയമസഭയില്‍ പൂര്‍ണമായി ന്യായീകരിച്ചതിനു പിന്നാലെയാണ് രൂക്ഷവിമര്‍ശനുമായി ബിനോയ് വിശ്വം രംഗത്തെത്തിയത്.
ഇടിമുറിയിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ എന്നും നിങ്ങള്‍ നടത്തിയ ആക്രമണങ്ങളെ വിവിധ തലത്തില്‍ നേരിട്ടാണ് എസ്എഫ്ഐ വളര്‍ന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആ നിറഞ്ഞുനില്‍ക്കുന്ന പ്രസ്ഥാനത്തെ വല്ലാതെ താറടിച്ചു കാണിക്കേണ്ടത് നിങ്ങളുടെ ആവശ്യമായിരിക്കാമെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോടു പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് എസ്എഫ്ഐക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. എസ്എഫ്ഐ ശൈലി തിരുത്തണമെന്നും ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലിക്കു ചേര്‍ന്നതതല്ല എസ്എഫ്ഐയുടെ പ്രവര്‍ത്തന രീതിയെന്നും അദ്ദേഹം കടുത്ത ഭാഷയില്‍ ആരോപിച്ചു.
എസ്എഫ്ഐയുടേതു പ്രാകൃത ശൈലിയാണ്. പുതിയ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥമറിയില്ല. ഇടതുപക്ഷത്തിന്റെ കടമയെപ്പറ്റി എസ്എഫ്ഐക്കാര്‍ക്ക് അറിയില്ല. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രം എസ്എഫ്ഐയെ പഠിപ്പിക്കണം. തെറ്റ് തിരുത്തിയില്ലെങ്കില്‍ എസ്എഫ്ഐ ഇടതുപക്ഷ പ്രസ്ഥാനത്തിനു ബാധ്യതയാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതിനു കാരണം കേന്ദ്രത്തിലെ ബിജെപി വിരുദ്ധത കോണ്‍ഗ്രസിന് അനുകൂലമായതണെന്ന് പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ ഭരണവീഴ്ചയും പരിശോധിക്കണമെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടിയത് ചര്‍ച്ചയായിരുന്നു. കണ്ണൂരില്‍ പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോഴും ശക്തമായ നിലപാടാണ് ബിനോയ് വിശ്വം സ്വീകരിച്ചത്. കണ്ണൂരിലെ സംഭവങ്ങള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവന സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു.