play-sharp-fill
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതിക്ക് കാർഷിക സമൃദ്ധി കൂട്ടായ്മ

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതിക്ക് കാർഷിക സമൃദ്ധി കൂട്ടായ്മ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ കാർഷികമേഖലയുടെ പുനർനിർമ്മിതിയ്ക്ക് വിഷരഹിത പച്ചക്കറി, പാൽ, മുട്ട, മാംസം എന്നിവയുടെ സ്വയംപര്യാപ്തതയ്ക്കുള്ള പദ്ധതിയുമായി സിപിഐഎം. ബഹുജനപങ്കാളിത്തത്തോടെ സംസ്ഥാനവ്യാപകമായി കാർഷിക കൂട്ടായ്മകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള സമഗ്ര കർമപദ്ധതി ഇ എം എസ് അക്കാദമിയിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാലയിൽ ആവിഷ്‌കരിച്ചു.


 

എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള കാർഷിക പ്രവർത്തനങ്ങൾക്കായി അതത് പ്രദേശങ്ങളിൽ ഉപദേശക സമിതികൾ രൂപീകരിക്കും. കാർഷികവിജ്ഞാന മേഖലയിലെ പ്രമുഖർ, സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകർ, മത സാമുദായിക നേതാക്കൾ, കർഷക അവാർഡ് ജേതാക്കൾ തുടങ്ങിയവരെഈ സമിതികളിൽ ഉൾപ്പെടുത്തും. നിയോജകമണ്ഡലാടിസ്ഥാനത്തിലും തദ്ദേശസ്ഥാപന പരിധി അടിസ്ഥാനത്തിലും സംഘാടക, സാങ്കേതിക സമിതി രൂപീകരിക്കും. വാർഡുകളിൽ കർഷക സ്വയംസഹായ സംഘങ്ങളും രൂപീകരിക്കും. ഈ സംഘങ്ങൾക്ക് പ്രൈമറി കാർഷിക സംഘങ്ങളുടെ സഹായം ഉറപ്പാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ സ്ഥാപന പരിധിയിൽ കാർഷികസഹായ കേന്ദ്രവും കാർഷിക മാർക്കറ്റുകളും ആരംഭിക്കും. ജൈവ പച്ചക്കറി കൃഷി വ്യാപകമാക്കും. വിഷുക്കാലത്ത് വിപുലമായ കാർഷികോൽപ്പന്ന വിപണനമേളകൾ സംഘടിപ്പിക്കും. കൃഷി വകുപ്പിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും വിവിധ കാർഷിക പദ്ധതികളുടെ സഹായംകൂടി ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യമൊരുക്കും.

കാർഷിക ഉൽപ്പന്ന വിപണനത്തിന് വെബ്‌സൈറ്റും മൊബൈൽ ആപ് സംവിധാനവും ഒരുക്കും. മൊബൈൽ ആപ്പിലൂടെ കർഷകർക്ക് ആവശ്യമുള്ള സാങ്കേതികസഹായ അറിവുകളും പിന്തുണാ നിർദേശങ്ങളും നൽകും. ഉൽപ്പന്നങ്ങൾ സംസ്‌കരിച്ച് വിപണനത്തിന് ജില്ലാകേന്ദ്രങ്ങളിൽ സംവിധാനമൊരുക്കും. പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തന കലണ്ടർ രൂപീകരിച്ചതായും ശിൽപ്പശാല ക്രോഡീകരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

2014 ൽ ആരംഭിക്കുകയും ജൈവകൃഷി ക്യാമ്പയിനായി മൂന്നുവർഷം നടത്തുകയും 2017ൽ സംയോജിത കൃഷി പദ്ധതിയായി പുനഃസംഘടിപ്പിക്കുകയും ചെയ്ത ‘കാർഷിക കേരളം ജനകീയ ഇടപെടൽ’ പ്രചാരണ പരിപാടിയാണ് പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതികൂടി ലക്ഷ്യമിട്ട് സമൃദ്ധി നിറഞ്ഞ കാർഷിക കേരളത്തിനുള്ള കർമപദ്ധതിയായി രൂപപ്പെടുത്തിയത്. ശിൽപ്പശാലയുടെ സമാപനദിവസം പഞ്ചായത്തുതല അനുഭവങ്ങൾ പ്രതിനിധികൾ പങ്കുവച്ചു. ഹരിതകേരളം മിഷൻ ഉപാധ്യക്ഷ ടി എൻ സീമ, കാർഷികപദ്ധതി സംസ്ഥാനതല സാങ്കേതിക സമിതി കൺവീനർ കെ ശിവകുമാർ, ഡോ. എസ് ആർ മോഹനചന്ദ്രൻ, പി വി ജിൻരാജ് എന്നിവരും സംസാരിച്ചു.