
കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത് പ്രവർത്തന വീഴ്ച ഉണ്ടായതിനാൽ; വീണ്ടും സജീവമായത് സമ്മേളന സമയത്ത് മാത്രം; പാർട്ടിയിൽ വീണ്ടും സജീവമായിരിക്കെ ഇ പി ജയരാജനെതിരെ രൂക്ഷ വിമർശനം; സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിൽ കേരളത്തിലെ പാർട്ടി പരാജയപ്പെട്ടു; മുസ്ലിം ലീഗിനെ കൂടെ നിർത്തുന്നതിൽ ഗൗരവ ചർച്ചയാകാം; ഇനിയും കോൺഗ്രസിൽ നിന്നും ആളുവരുമെന്നും പ്രവർത്തന റിപ്പോർട്ട്
കൊല്ലം: ഒരിടവേളയ്ക്ക് ശേഷം ഇ പി ജയരാജൻ വീണ്ടും പാർട്ടിയിൽ സജീവമായിരിക്കെ സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ഇപിക്ക് എതിരെ വിമർശനം. ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത് പ്രവർത്തന വീഴ്ചകളിലാണ്. ഇ.പി. ജയരാജൻ സെക്രട്ടേറിയേറ്റ് പ്രവർത്തനങ്ങളിൽ നിന്നും മാറിനിന്നത് ഗൗരവതരമാണ്. സമ്മേളന സമയത്ത് മാത്രമാണ് ഇ.പി സജീവമായതെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.
ഇപി വീണ്ടും സംഘടനാതലത്തിൽ തലപ്പത്ത് വരുമെന്ന സംസാരത്തിനിടെയാണ് വിമർശനമെന്ന കാര്യവും ശ്രദ്ധേയമാണ്. ഇപിക്ക് പുറമേ മന്ത്രി സജി ചെറിയാന് എതിരെയും വിമർശനമുണ്ട്. മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളിൽ ജാഗ്രത വേണം.
സജി ചെറിയാൻ രാജി വയ്ക്കേണ്ടി വന്ന പശ്ചാത്തലത്തിൽ കൂടിയാണ് റിപ്പോർട്ടിലെ പരാമർശം. മുസ്ലിം ലീഗിനെ കൂടെ നിർത്തുന്നതിൽ ഗൗരവ ചർച്ചയാകാമെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ഇനിയും കോൺഗ്രസിൽ നിന്നും ആളുവരുമെന്നും പ്രതീക്ഷ പ്രകടിപ്പിക്കുന്നു, ജമാ അത്തെ ഇസ്ലാമിയുടെയും കാസയുടെയും പ്രവർത്തനം പ്രതിരോധിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി വി അൻവറിനെ പോലെയുള്ള സ്വതന്ത്രന്മാരെ പാർട്ടിയിലേക്ക് അടുപ്പിക്കുമ്പോൾ ശ്രദ്ധ വേണം. പാലക്കാട് സരിനെ ഉപയോഗിച്ചുള്ള പരീക്ഷണം വിജയമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. പാർട്ടി നേതാക്കളും അംഗങ്ങളും വൻതുക വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തത് സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോർട്ടിൽ വിമർശനമുണ്ട്.
കോടികളുടെ ബാധ്യത പല സഹകരണ ബാങ്കുകൾക്കുമുണ്ട്. വായ്പ തിരിച്ചടയ്ക്കണമെന്ന സർക്കുലർ പലരും കണക്കിലെടുക്കുന്നില്ല. സാമ്പത്തിക ക്രമക്കേട് പാർട്ടി പ്രതിച്ഛായക്കും കളങ്കമാണ്. വലിയ തുക വായ്പ എടുക്കുന്ന അംഗങ്ങൾ മേൽ കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിൽ കേരളത്തിലെ പാർട്ടി പരാജയപ്പെട്ടുവെന്ന് പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്.
മേൽകമ്മിറ്റി അവലോകന റിപ്പോർട്ടിലാണ് ഒരു വശത്ത് ബി.ജെ.പിയും മറുവശത്ത് മുസ്ലിം ലീഗും സ്വത്വരാഷ്ട്രീയം സജീവമാക്കി ധ്രുവീകരണമുണ്ടാക്കി വോട്ട് ചേർത്തുന്നുവെന്ന വിലയിരുത്തൽ. ജാതി,മത സംഘടനകളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. പ്രത്യേകിച്ച് എസ് എൻ ഡി പിയുടെ സംശയാസ്പദമായ നിലപാട് തുറന്നുകാട്ടേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഈഴവ വോട്ടുകളിൽ ബി.ജെ.പി കടന്നുകയറുന്നു കഴിഞ്ഞ ലോക്സസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലേക്ക് ചില മേഖലകളിൽ നിന്ന് കാര്യമായ വോട്ടുചോർച്ചയുണ്ടായി മുസ്ലിം സമൂഹത്തിനിടയിൽ എസ് ഡി പി ഐയേയും ജമാഅത്തെ ഇസ്ലാമിയേയും ഒപ്പം ചേർത്ത് മുസ്ലിം ലീഗും സ്വത്വരാഷ്ട്രീയം ശക്തമാക്കുന്നതും പാർട്ടി ഗൗരവത്തോടെ കാണണമെന്ന് റിപ്പോർട്ട് പറയുന്നു. അതുപോലെ, യുവജനങ്ങൾ പാർട്ടിയിൽനിന്ന് അകന്നുപോകുന്നുവെന്ന ഗൗരവതരമായ കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. പാർട്ടി കേഡർഡമാരുടെ ധിക്കാരപരമായ പെരുമാറ്റത്തെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു.
2019-ൽ ഉണ്ടായതിനെക്കാൾ വലിയ വോട്ടുചോർച്ചയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായത്. 2019-ൽ 35.10 ശതമാനം വോട്ടാണ് എൽ.ഡി.എഫിന് കിട്ടിയത്. കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ അത് പിന്നെയും കുറഞ്ഞ് 33.35 ശതമാനം ആയി അതായത് 1.75 ശതമാനത്തിന്റെ കുറവ്. 10 വർഷക്കാലത്തിനിടയിൽ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളെടുത്താൽ ഏകദേശം ഏഴ് ശതമാനത്തിന്റെ വോട്ടുചോർച്ചയുണ്ടായി