
പത്തനംതിട്ട: സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെതിരേ രൂക്ഷ വിമർശനം. തനിക്കെതിരായ പ്രതിഷേധങ്ങളോട് മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നാണ് സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നത്.
കെ-റെയിൽ നടപ്പിലാക്കാൻ ശ്രമിച്ചതിൽ സർക്കാർ ധാർഷ്ട്യം കാണിച്ചെന്ന് ചർച്ചയിൽ പ്രതിനിധികളും ആരോപിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം മുണ്ടപ്പള്ളി തോമസ് അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലെ എട്ടാം പേജിലാണ് സിപിഐ കൂടി അടങ്ങുന്ന മുന്നണിയിലെ പ്രധാന കക്ഷിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ അതിരൂക്ഷ വിമർശനങ്ങളുള്ളത്.
സംസ്ഥാനത്ത് നിരവധി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ പിണറായി വിജയൻ എന്തിനാണ് കരിങ്കൊടികളെയും കറുത്ത മാസ്കിനെയും പേടിക്കുന്നതെന്നാണ് ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ചേർത്ത് വച്ചുള്ള സ്വർണ കടത്ത് വിവാദം മുന്നണിയുടെ തന്നെ മുഖഛായക്ക് കോട്ടം വരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വിധ്വംസക പ്രവർത്തനങ്ങൾ നടക്കുന്നെന്നും രാഷ്ട്രീയ റിപ്പോർട്ടിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന ഭരണം വൺമാൻ ഷോ ആക്കി മാറ്റാൻ സിപിഎം ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇടത് സർക്കാരിനെ സിപിഎം എല്ലായിടത്തും പിണറായി സർക്കാരെന്നാണ് വിശേഷിപ്പിക്കുന്നത്. ഘടക കക്ഷിയായ സിപിഐയ്ക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ല. സഹകരണ ബാങ്കുകളിലെ സിപിഎം നയത്തിനെതിരെയാണ് മറ്റൊരു വിമർശനം. കള്ളവോട്ടുകളിലൂടെയാണ് സിപിഎം സഹകരണ ബാങ്ക് ഭരണം പിടിച്ചെടുക്കുന്നതെന്ന് തുറന്നടിക്കുകയാണ് സിപിഐ. സിപിഎം ബാങ്കുകളിലാണ് സാമ്പത്തിക ക്രമക്കേട് നടക്കുന്നത്.
സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയോട് എസ് എഫ് ഐ സ്വീകരിക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. എംജിയിലെ സംഭവവികാസങ്ങളും സംഘര്‍ഷങ്ങളും മുന്‍നിര്‍ത്തിയായിരുന്നു വിമര്‍ശനം. എംപ്ലായ്മന്റെ് സംവിധാനങ്ങളെ പോലും നോക്കുകുത്തിയാക്കി കുടുംബശ്രീകളില്‍ പോലും പിന്‍വാതില്‍ നിയമനമാണ്.ഇതിനെതിരെ പ്രതികരിക്കേണ്ട സംസ്ഥാന സെക്രട്ടറി മൗനത്തിലാണ്. മൗനി ബാബ എന്നാണ് ചില പ്രതിനിധികള്‍ വിശേഷിപ്പിച്ചത്.
കെ-റെയിൽ വിഷയം ശബരിമല പേലെ സങ്കീർണമായി മാറ്റിയെന്നാണ് പദ്ധതി കടന്നു പോകുന്ന മേഖലയിൽ നിന്നുള്ളവരുടെ ആരോപണം. പത്തനംതിട്ടയിലെ സഹകരണ ബാങ്കുകളുടെ തകർച്ചയ്ക്ക് കാരണം സിപിഎമ്മിന്റെ ചില നയങ്ങളാണ്. പലയിടത്തും സിപിഎം കള്ളവോട്ടിലൂടെ സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്നു. ഈ സഹകരണ സംഘങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുന്നു. പത്തനംതിട്ടയിൽ മാത്രം 35 സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലാണ്.
സിപിഎം എംപ്ലോയ്മെന്റ് സംവിധാനം നോക്കു കുത്തിയാക്കുന്നു. കുടുംബശ്രീയിൽ പോലും പിൻവാതിൽ നിയമനം നടത്തുന്നു. ഉമ്മൻ ചാണ്ടി സർക്കാരിനെ പോലും നാണിപ്പിക്കും വിധമാണ് സർക്കാർ പ്രവർത്തനങ്ങൾ എന്നിങ്ങനെ വിമർശനം തുടരുന്നു. രാഷ്ട്രീയ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയതിൽ നേതൃത്വം അസംതൃപ്തി പ്രകടിപ്പിച്ചു.



