
സ്വന്തം ലേഖകൻ
കോട്ടയം: ഇതര സംസ്ഥാനങ്ങളില്‍നിന്നും കന്നുകാലികളെ കൊണ്ടവരുന്നതിനു ലൈസന്‍സ് നിര്‍ബന്ധമാക്കി വ്യാപാരം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടിങ്ങളില്നിന്നാണു കന്നുകാലിളെ കൂടുതലായി സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. യഥേഷ്ടം കന്നുകാലികളെ കൊണ്ടുവരുന്നതിനു പകരം രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണു മൃഗസംരക്ഷണ വകുപ്പ്. മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് എം എ സലീമുമായി നടന്ന ചർച്ചയിലാണ് തിരുമാനം
ഇതിന്റെ ആദ്യഘട്ടമായി 70 വ്യാപാരികള്‍ രജിസ്ട്രേഷന് സ്വന്തമാക്കി ലൈസന്‍സ് നേടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നിലവില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് ആര്‍ക്കും കന്നുകാലികളെ കൊണ്ടുവരാന്‍ കഴിയും. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ പേരിനുള്ള പരിശോധന മാത്രമാണുള്ളത്. ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതോടെ ഇതിനു നിയന്ത്രണമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ ജന്തുരോഗ മുക്ത മേഖലയാക്കേണ്ടതിന്റെ ആവശ്യകതകൂടി മുന്നില്‍ കണ്ടാണു മൃഗസംരക്ഷണ വകുപ്പിന്റെ നടപടി. പതിനായിരം വ്യാപാരികളാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നും കന്നുകാലികളെ എത്തിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ഒരു മാസം ഒന്നരലക്ഷം കന്നുകാലികളെ കശാപ്പിനും വളര്‍ത്തുന്നതിനുമായി കൊണ്ടുവരുന്നതായാണ് ഏകദേശ കണക്ക്.
ഇതില്‍ രോഗബാധയുള്ള കന്നുകാലികളും വലിയതോതില്‍ സംസ്ഥാനത്തേക്ക് എത്തിക്കുന്നതായി പരാതിയുണ്ട്. ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതോടെ കന്നുകാലി വ്യാപാരം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും. രോഗബാധയുള്ള മാടുകളെ കൊണ്ടുവരുന്നതടക്കമുള്ള ഹിതകരമല്ലാത്ത ഇടപെടലുകള്‍ ഇതോടെയില്ലാതാകും.
ആവശ്യമായ പരിശോധനകളും നടത്തി കന്നുകാലികളെ എത്തിക്കാനാകും എന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. ഇറക്കുമതി ചെയ്യുന്ന കന്നുകാലികളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ പോലും എവിടെനിന്നും ആര് കൊണ്ടുവന്നതാണെന്നുള്ള വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഇത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും വേഗത്തിലാക്കാനും ഗുണകരമാകും. ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതിലൂടെ ജന്തു രോഗ വെല്ലുവിളി ഒഴിവാക്കാനാകുമെന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത്.