
” ഇതിൽ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്സിൻ വാങ്ങുന്നതിനു സംഭാവന നൽകണം “; അക്കൗണ്ടിൽ ബാക്കി ഉള്ളത് എണ്ണൂറ്റിയമ്പത് രൂപ; എനിക്ക് ജീവിക്കാൻ വികലാംഗ പെൻഷനും ബീഡി തെറുപ്പും ഉണ്ട്; ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് യുവാവ്
സ്വന്തം ലേഖകൻ
കൊച്ചി: കോവിഡ് രണ്ടാം തരംഗത്തിൽ പതറി നിൽക്കുന്ന കേരളത്തിന് സാമ്പത്തിക സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തുന്നത്.
സൗന്ദർ രാജ് സി പി എന്ന യുവാവ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മനീഷ് നാരായണൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ സൗന്ദർ രാജിന്റെ കുറിപ്പ് ഷെയർ ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിപ്പ് വായിക്കാം;
ഇന്നലെ ഞാൻ ജോലിചെയ്യുന്ന ബാങ്കിൽ പ്രായമുള്ള ഒരാൾ വന്നു. പാസ്സ് ബുക്ക് തന്നു ബാലൻസ് ചോദിച്ചു…200850 രൂപ ഉണ്ടെന്നു പറഞ്ഞു.
” ഇതിൽ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്സിൻ വാങ്ങുന്നതിനു സംഭാവന നൽകണം ”
കാണുമ്പോൾതന്നെ അവശത തോന്നുന്ന ഒരു മനുഷ്യൻ. കുറച്ചു സംസാരിച്ചപ്പോൾ ജീവിക്കാൻ മറ്റ് ചുറ്റുപാടുകൾ ഒന്നും ഇല്ലെന്നു മനസ്സിലായി.
വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാൽ പോരെ എന്ന് ചോദിച്ചു. നിങ്ങൾക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ.
“എനിക്ക് ജീവിക്കാൻ ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെൻഷൻ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയിൽ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാൻ ഇതു തന്നെ ധാരാളം. ”
“മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോൾ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാൻ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത് ”
അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോൾ….
ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിർത്തുന്നത്.
അതാണ് ഉറപ്പോടെ പറയുന്നത് നമ്മൾ ഇതും അതിജീവിക്കും…..
അതാണ് ഉറപ്പോടെ പറയുന്നത്ഇത് കേരളമാണ്