തെളിയുന്നു പ്രതീക്ഷയുടെ തിരിവെട്ടം…! ആദ്യഘട്ട കോവിഡ് വാക്‌സിൻ ഇന്ന് രാവിലെ കേരളത്തിലെത്തും : എറണാകുളത്ത് നിന്നും കോട്ടയം ജനറൽ ആശുപത്രിയിൽ വാക്‌സിനെത്തുക വൈകുന്നേരം മൂന്നിന്
സ്വന്തം ലേഖകൻ
കോട്ടയം : കാത്തിരിപ്പിന് അവസാനമായി സംസ്ഥാത്ത് ഇന്ന് രാവിലെ കോവിഡ് വാക്‌സിനെത്തും. രാവിലെ 11.15 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന കോവിഡ് വാക്‌സിൻ , അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ റീജനൽ വാക്‌സിൻ സ്റ്റോറിലേക്കും എത്തും.
ഇവിടെ നിന്നും ഉച്ചക്ക് തന്നെ മറ്റ് സമീപ ജില്ലകളിലേക്കും വാക്‌സിൻ അയക്കും. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ 3 മണിയോടെയായിരിക്കും വാക്‌സിൻ എത്തുക. 1.80 ലക്ഷം ഡോസ് വാക്‌സിൻ പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്‌സുകളിലായാണ് എത്തിക്കുക.ഒരു ബോക്‌സിൽ 12000 ഡോസ് വീതം 15 ബോക്‌സുകൾ ഉണ്ടാവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട്, കോട്ടയം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലേക്കുള്ള വാക്‌സിൻ റീജനൽ സ്റ്റോറിൽ നിന്ന് അയക്കുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്താണ് രണ്ടാമത്തെ വിമാനമെത്തുക. ഗോ എയർ വിമാനത്തിലെത്തുന്ന വാക്‌സിൻ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ശനിയാഴ്ചയാണ് കോവിഡ് വാക്‌സിനേഷൻ ആരംഭിക്കുക. മരുന്ന് മറ്റന്നാളോടെ രാജ്യത്ത് എല്ലായിടത്തും എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒന്ന് ദശാംശം ഒന്ന് കോടി ഡോസ് വാക്‌സീനാണ് പുനെ സിറം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് കേന്ദ്രസർക്കാർ ആദ്യ ഘട്ടം വാങ്ങുന്നത്. കേരളത്തിലേതടക്കം രാജ്യത്തെ പതിമൂന്ന് കേന്ദ്രങ്ങളിലേക്ക് അൻപത്തിയാറര ലക്ഷം ഡോസ് വാക്‌സീനാണ് അടിയന്തരമായി എത്തുക.