play-sharp-fill
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരം​ഗത്തിൽ മരണ നിരക്ക് 10,000 കടന്നത് വെറും 87 ദിവസം കൊണ്ട്; മൂന്നാം തരം​ഗത്തെ വാക്സിനേഷനിലൂടെ നേരിടും; കേരളം ഇതുവരെ വാക്സിൻ നൽകിയത് 1,63,55,303 പേർക്ക്

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരം​ഗത്തിൽ മരണ നിരക്ക് 10,000 കടന്നത് വെറും 87 ദിവസം കൊണ്ട്; മൂന്നാം തരം​ഗത്തെ വാക്സിനേഷനിലൂടെ നേരിടും; കേരളം ഇതുവരെ വാക്സിൻ നൽകിയത് 1,63,55,303 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരം​ഗത്തിൽ മരണ നിരക്ക് 10,000 കടന്നത് വെറും 87 ദിവസം കൊണ്ട്. നിലവിൽ 0.48% ആണ് സംസ്ഥാനത്തെ മരണ നിരക്ക്. സർക്കാർ മരണ നിരക്ക് പുനർ നിർണ്ണയിക്കുകയാണെങ്കിൽ ഈ നിരക്ക് വീണ്ടും വർധിക്കും.

രണ്ടാം തരംഗം ആരംഭിച്ച മാർച്ച്‌ 15ന് സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ 4,407 ആയിരുന്നു. ഏപ്രിൽ 21ന് 5000 കടന്നു. അടുത്ത 47 ദിവസം കൊണ്ട് 10,000 ആയി. ജൂൺ 7ന് ആയിരുന്നു അത്. അവിടെ നിന്നു 38 ദിവസം കൊണ്ടാണ് 15,000 ആയത്. പ്രതിദിന മരണസംഖ്യ കഴിഞ്ഞ മാസം 200ന് മുകളിലെത്തിയിരുന്നു.


കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം തിരുവനന്തപുരം ജില്ലയിലാണ്. മൂവായിരത്തിലേറെ ആളുകളാണ് വൈറസ് ബാധിച്ച് ഇവിടെ മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിൽ 1600 പേർ മരിച്ചു. മറ്റു ജില്ലകളിലെല്ലാം ആയിരത്തിൽ താഴെയാണു മരണം. ഇടുക്കിയിലാണ് ഏറ്റവും കുറവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 70 ശതമാനത്തിലേറെയും 60 വയസ്സിനു മുകളിലുള്ളവരാണ്. 41-59 പ്രായപരിധിയിലുള്ളവർ 20 ശതമാനത്തിനു മുകളിലാണ്. കുട്ടികളിലാണ് മരണ നിരക്ക് ഏറ്റവും കുറവ്. 17 വയസ്സ് വരെയുള്ള 23 പേരാണ് ഇതുവരെ മരിച്ചത്. നേരത്തെ അനൗദ്യോഗിക കണക്കുകൾ പ്രകാരം കേരളത്തിൽ മരണ നിരക്ക് ഏറെ കൂടുതലാണെന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു.

കോവിഡ് ബാധയുടെ തീവ്രത കുറയുന്നില്ലെന്നു പറഞ്ഞ് കേരളത്തെ പഴിക്കുന്നവർ വസ്തുതകൾക്കു നേരെയാണ് മുഖംതിരിക്കുന്നത് എന്ന വാദമാണ് സർക്കാർ കേന്ദ്രങ്ങൾ ഇപ്പോഴും ഉയകർത്തുന്നത്. ഇന്ത്യയിൽ ഇപ്പോൾ റിപ്പോർട്ടു ചെയ്യുന്ന രോഗബാധയിൽ മുന്നിൽനിൽക്കുന്നത് മഹാരാഷ്ട്രയും കേരളവുമാണ്. അടുത്തത് കർണാടകം. മുന്നിലും പിന്നിലുമുള്ള സംസ്ഥാനങ്ങളിലെ നിലയുമായി കേരളത്തിന് ഒരു താരതമ്യവുമില്ലെന്ന് കണക്കിന്റെ ഉള്ളുകള്ളികൾ വ്യക്തമാക്കുന്നു.

കേരളത്തിന്റെ ഇരട്ടിയിലധികം രോഗബാധയുണ്ടായ മഹാരാഷ്ട്രയിൽ മരണം ഒമ്പത് ഇരട്ടിയാണ്. രോഗബാധിതരുടെ എണ്ണത്തിൽ കേരളത്തിനു പിന്നിലായ കർണാടകത്തിൽ മരണം രണ്ടര ഇരട്ടിയും. മഹാരാഷ്ട്ര –2.04, കർണാടകം –1.25, കേരളം — 0.04 ശതമാനം എന്നിങ്ങനെയാണ് മരണനിരക്ക്. ഇത് ഔദ്യോഗിക കണക്കാണ്.

ഐസിഎംആർ മാനദണ്ഡങ്ങളിലെ നൂലാമാല കാരണം രാജ്യത്ത് കോവിഡ് മരണം രേഖപ്പെടുത്തുന്നതിൽ പിഴവുണ്ടായി. ഇതുസംബന്ധിച്ച്‌ ദ ഹിന്ദു ദിനപത്രം നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്. പതിനായിരക്കണക്കിനു മരണം വിട്ടുപോയ സംസ്ഥാനങ്ങളുണ്ട്. കേരളത്തിലാണ് ഇത്തരം മരണം ഏറ്റവും കുറവ്.

വാക്‌സിനിലൂടെ മൂന്നാം തരംഗത്തെ നേരിടാനാണ് കേരളത്തിന്റെ ആലോചന. സംസ്ഥാനത്തിന് 2,49,140 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. തിരുനന്തപുരത്ത് 84,500 ഡോസ് വാക്സിനും, കൊച്ചിയിൽ 97,640 ഡോസ് വാക്സിനും, കോഴിക്കോട് 67,000 ഡോസ് വാക്സിനുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിനാകെ 1,50,53,070 ഡോസ് വാക്സിനാണ് ലഭ്യമായത്.

അതിൽ 12,04,960 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,22,70,300 ഡോസ് കോവിഷീൽഡ് വാക്സിനും 14,40,230 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 1,37,10,530 ഡോസ് വാക്സിൻ കേന്ദ്രം നൽകിയതാണ്.

സംസ്ഥാനത്ത് ഇന്നലെ വൈകുന്നേരം വരെ 1,49,434 പേർക്കാണ് വാക്സിൻ നൽകിയത്. 1,234 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,63,55,303 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,18,53,826 പേർക്ക് ഒന്നാം ഡോസ് വാക്സിനും 44,01,477 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്.

ജനസംഖ്യയുടെ 35.48 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 49.38 ശതമാനം പേർക്കുമാണ് ആദ്യ ഡോസ് വാക്സിൻ നൽകിയത്. ജനസംഖ്യയുടെ 13.48 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ള 18.75 ശതമാനം പേർക്കും രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്.