രോഗി ഉപയോഗിച്ച ടി.വി, റിമോർട്ട്,മൊബൈൽ ഫോണുകൾ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത് ; ഉപയോഗിച്ച വസ്ത്രങ്ങൾ രോഗിയുടെ ടോയ്‌ലെറ്റിൽ വച്ച് തന്നെ അണുനശീകരണം നടത്തുക : കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിൽ കഴിയുന്നവർ ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗികളിൽ പലരെയും വീട്ടിൽ തന്നെ ചികിത്സിക്കുന്ന രീതി ആരോഗ്യവകുപ്പ് അധികൃതർ ആരംഭിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളും ഒപ്പം മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഇല്ലാത്തവരുടെ ചികിത്സയ്ക്കായാണ് രീതി ഏറ്റവും അനുയോജ്യം.
വീട്ടിൽ ആണ് രോഗി ചികിത്സയിൽ കഴിയുന്നതെങ്കിൽ കൂടിയും ചില നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ആരോഗ്യ വകുപ്പ് അധികൃതർ മുന്നോട്ട് വച്ചിട്ടുണ്ട്. രോഗി പോസിറ്റീവ് ആയതിന്റെ പത്താം ദിവസം വീണ്ടും ആന്റിജൻ ടെസ്റ്റ് നടത്തണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെഗറ്റീവ് റിസൽട്ട് ആണെങ്കിലും ഏഴുദിവസം വീട്ടിൽ തന്നെ തുടരണം. ഇതോടൊപ്പം ആരോഗ്യവകുപ്പ് അധികൃതരുമായി ദിവസേന ടെലഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറണമെന്നും നിർദ്ദേശമുണ്ട്.
വീടുകളിൽ ചികിത്സയിൽ കഴിയുന്ന രോഗിയും സേവനദാതാവും സുരക്ഷാ മാസ്‌ക് ധരിക്കുകയും ഇടപെടുമ്പോൾ സുരക്ഷിത അകലം പാലിക്കുകയും ചെയ്യണം. രോഗി കുടുംബാംഗങ്ങളുമായും മറ്റു വ്യക്തികളുമായും ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ, ഉറക്കം, മറ്റു സാമൂഹിക ഇടപെടലുകൾ ഒഴിവാക്കണം.
വീട്ടിലെ ടിവി, റിമോട്ട്, മൊബൈൽ ഫോൺ, പാത്രങ്ങൾ, കപ്പുകൾ തുടങ്ങിയ വസ്തുക്കൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ഉപയോഗിച്ച വസ്ത്രങ്ങൾ രോഗിയുടെ ബാത്ത്‌റൂമിൽ വച്ച് തന്നെ അണുനശീകരണം നടത്തിയ ശേഷം അലക്കി സേവനസഹായിയെ ഏൽപിച്ച് വെയിലത്ത് ഉണക്കി ഉപയോഗിക്കാം.
രോഗി സ്പർശിച്ച പ്രതലങ്ങളും വസ്തുക്കളും ഇടയ്ക്കിടെ അണുനാശനം നടത്തണം. രോഗി താമസിക്കുന്ന വീട്ടിൽ ഒരു കാരണവശാലും സന്ദർശകർ പാടില്ല. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ മാസ്‌ക്, ടൗവ്വൽ, മറ്റ് ഉപാധികൾ ഉപയോഗിക്കണം. കൂടെക്കൂടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ (20 സെക്കൻഡ്) ആൽക്കഹോൾ ഘടകമുള്ള സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം.
അതേസമയം രോഗി താമസിക്കുന്ന മുറിയിലെ മാലിന്യങ്ങൾ നശിപ്പിക്കുന്നതിന് ആരോഗ്യ പ്രവർത്തകരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കണം. വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നുവെന്ന് സ്വയം ഉറപ്പുവരുത്തണം.
ദിവസേന സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കുക. വിറ്റാമിനുകൾ, നാരുകൾ എന്നിവ ധാരാളം അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉൾപ്പെടുത്തുക (ചെറുനാരങ്ങ, നെല്ലിക്ക, പാഷൻഫ്രൂട്ട്, ഓറഞ്ച്, പേരയ്ക്ക, പപ്പായ, കാരറ്റ്, മുളപ്പിച്ച പയറുവർഗ്ഗങ്ങൾ). തിളപ്പിച്ചാറിയ ശുദ്ധജലമോ മറ്റ് പാനീയങ്ങളോ ധാരാളം ഉപയോഗിക്കുക. ദിവസേന 7-8 മണിക്കൂറെങ്കിലും ഉറങ്ങേണ്ടതും അത്യാവശ്യമാണ്.
വീടുകളിൽ ഐസൊലേഷനിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് ആരോഗ്യവകുപ്പ് കിറ്റ് തയാറാക്കിയിട്ടുണ്ട്. പൾസ് ഓക്‌സിമീറ്റർ, വൈറ്റമിൻ സി, മൾട്ടി വൈറ്റമിൻ ഗുളികകൾ, രോഗബാധിതർ പാലിക്കേണ്ട നിർദ്ദേശങ്ങൾ, രോഗലക്ഷണങ്ങൾ വിലയിരുത്തി രോഗി തന്നെ പൂരിപ്പിക്കേണ്ട ഫോറം, സത്യവാങ്മൂലം, മാസ്‌ക്, സാനിറ്റൈസർ, വിവിധ ആരോഗ്യസന്ദേശങ്ങൾ ഉൾക്കൊള്ളിച്ച ലഘുലേഖകൾ എന്നിവയടങ്ങുന്നതാണ് കിറ്റ്.
പനി, ചുമ, ക്ഷീണം, വിശപ്പില്ലായ്മ, തലവേദന, കിതപ്പ്, ശ്വാസം തിങ്ങൽ, ശ്വാസതടസ്സം, പേശീവേദന, തൊണ്ടവേദന / അസ്വസ്ഥത, വയറിളക്കം, രുചിയും മണവും തിരിച്ചറിയാതാവുക, ഓക്കാനം, ഛർദ്ദി, മൂക്കിനും ചുണ്ടിനും നീലനിറം എന്നീ സൂചകങ്ങളാണ് രോഗി സ്വയം വിലയിരുത്തേണ്ടത്. ഇത് നിരീക്ഷണ ചാർട്ടിൽ രേഖപ്പെടുത്തി വാട്‌സ് ആപ്പ് മുഖേന മെഡിക്കൽ ഓഫിസർക്ക് അയക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളിലുണ്ട്.